തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ്. വേദന സംഹാരികൾ മാത്രം കഴിച്ചാൽ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്നുമാണ് മെഡിക്കൽ ബോർഡിൻറെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ഇന്നു തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം.
നടുവേദനയെ തുടർന്നാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി ഈ മാസം ഉത്തരവിട്ടിട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് ആൻജിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു. നടുവേദനയെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐ.സി.യുവിൽ ശിവശങ്കറിനെ പ്രവേശിപ്പിച്ചത്.