Asian Metro News

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും

 Breaking News

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും
October 14
09:45 2020

തിരുവനന്തപുരം : തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഒക്‌ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല.

തുലാം ഒന്നായ ഒക്‌ടോബര്‍ 17ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യ ദര്‍ശനം.തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം . 7.30 ന് ഉഷപൂജ, 8 മണിക്ക് ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് അഡ്വ.എന്‍.വാസു,, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക. ആദ്യം ശബരിമല മേല്‍ശാന്തിയെ നറുക്കെടുക്കും. 9 പേരാണ് ശബരിമല മേല്‍ശാന്തി നിയമനത്തിലെ അന്തിമ യോഗ്യതാ പട്ടികയില്‍ ഉള്ളത് .തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ 17 മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പഭക്തര്‍ക്ക് ശബരിയില്‍ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഇല്ലെന്ന് 48 മണിക്കൂര്‍ മുമ്ബ് നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തര്‍ക്കും നിര്‍ബന്ധമാണ്. നിലയ്ക്കലില്‍ കോവിഡ് പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

പമ്ബയില്‍ അയ്യപ്പഭക്തര്‍ക്ക് കുളിക്കാന്‍ അനുമതി ഉണ്ടാവില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റ്,ബാത്ത് റൂം സൗകര്യങ്ങള്‍ പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിന്‍റുകളില്‍ ക്രമീകരിച്ചിരിക്കുന്നു.സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് അയ്യപ്പഭക്തന്‍മാരുടെ മലകയറ്റവും മലഇറക്കവും.ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തര്‍ കൊടിമരത്തിന് വലതു വശത്തുകൂടെ ദര്‍ശനത്തിനായി പോകണം. അയ്യപ്പന്‍മാര്‍ക്ക് കൊവിഡ്- 19 മാനദണ്ഡം പാലിച്ച്‌ ദര്‍ശനം നടത്താനായി പ്രത്യേക മാര്‍ക്കുകള്‍ നടപ്പന്തല്‍ മുതല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും റോ വഴി ആണ് ഭക്തര്‍ ദര്‍ശനം നടത്തി നീങ്ങേണ്ടത്.തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദര്‍ശനം നടത്തി പ്രസാദവും വാങ്ങി ഭക്തര്‍ക്ക് മലയിറങ്ങാവുന്നതാണ്.

ഭക്തര്‍ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറില്‍ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ അവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് നല്‍കും. അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അന്നദാനം ചെറിയ തോതില്‍ ഉണ്ടാകും. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്കായി ശബരിമലയില്‍ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകള്‍ക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി നവംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കുന്നതാണ്. ഡിസംബര്‍ 26ന് ആണ് മണ്ഡല പൂജ. മകരവിളക്ക് 2021 ജനുവരി 14 ന് നടക്കും.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment