കാസർഗോഡ് / മേൽപ്പറമ്പ് : ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനായി കാസർകോട് ജില്ലയിൽ നിന്നും മേൽപറമ്പ് ഇൻസ്പെക്ടർ ബെന്നിലാലു തിരഞ്ഞെടുക്കപ്പെട്ടു. റാങ്ക് വ്യത്യാസങ്ങളില്ലാതെ മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ സംസ്ഥാന പൊലീസിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെയാണ് “കൊവിഡ് പോരാളി” എന്ന പദവി നൽകി സർക്കാർ ആദരിക്കുന്നത്. ആ പട്ടികയിലാണ് കാസർകോഡിന് അഭിമാനമായി കൊല്ലം കാരനായ മേൽപ്പറമ്പ് സി.ഐ ബെന്നിലാൽ ഇടം നേടിയിരിക്കുന്നത്. കൊല്ലത്ത് നിന്ന് ഉദ്യോഗക്കയറ്റം ലഭിച്ചു ഇൻസ്പെക്ടർ ബെന്നിലാലു മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ ചാർജെടുത്തത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസമായിരുന്നു. പിന്നാലെ മേൽപറമ്പ് സ്റ്റേഷൻ ഉൾപ്പെടുന്ന ചെമ്മനാട് പഞ്ചായത്ത് മഹാമാരിയുടെ പിടിയിലായത്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ രോഗ ബാധിതർ ഉണ്ടായതും ഈ പഞ്ചായത്തിലാണ്. അന്ന് മുതൽ ഇതുവരെ വിശ്രമമില്ലാതെ ആത്മാർത്ഥതയും ഉത്തരവാദിത്വവും മുറുകെ പിടിച്ചു കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയതിനാണ് പൊലീസ് സേനയുടെ ബഹുമതിക്ക് ബെന്നിലാലു അർഹനായത്. മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഓരോ വാർഡുകളിൽ ആഴ്ചകൾ ഇടവിട്ട് മണിക്കൂറുകൾ ചിലവഴിച്ച് ജാഗ്രത സമിതി യോഗങ്ങൾ നടത്തി ജനങ്ങൾക്ക് ബോധവൽക്കരണം നടത്തി. പൊലീസ് വാ ളണ്ടിയർ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപികരിച്ച് വേനൽക്കാലത്ത് കുടിവെള്ളം ക്ഷാമം നേരിട്ട പല ഗ്രാമങ്ങളിലും കുടിവെള്ളമെത്തിച്ചും ദുരിതം അനുഭവിക്കുന്ന സാധാരണക്കാരന്റെ വീടുകളിൽ മരുന്നും ഭക്ഷണ ധാന്യ കിറ്റുകളും എത്തിച്ചു ഞങ്ങളെ സഹായിച്ചു എന്ന് നാട്ടുകാരും പറയുന്നു. കൊവിഡ് ടെസ്റ്റിനും ക്വാറന്റയിൻ സൗകര്യത്തിനും സൗകര്യമൊരുക്കി കൊടുത്തും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച ബെന്നിലാൽ ഈ അംഗീകാരത്തിന് നൂറു ശതമാനം അർഹനാണെന്ന് സഹപ്രവർത്തകരും ജനങ്ങളും പറയുന്നു. കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾക്കുള്ള പ്രദേശമായി മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധികൾ മാറിയപ്പോഴും ഒട്ടും പതറാതെ 24 മണിക്കൂറും സേവനനിരതനായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥൻ. കേരളത്തിലെ 19 പൊലീസ് ജില്ലകളിൽ നിന്ന് ഒരാൾ വീതം 19 പേരെയാണ് ബഹുമതിക്ക് തിരഞ്ഞെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബെന്നിലാലു.
