ന്യൂഡല്‍ഹി : അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് 19 വാക്സിന് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് അറിയിച്ചു . ഒന്നിലധികം ഇടങ്ങളില്‍ നിന്നും കോവിഡ് വാക്സിനുകള്‍ പ്രതീക്ഷിക്കുന്നതായും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് എങ്ങനെയാണ് വാക്സീന് വിതരണം നടപ്പിലാക്കേണ്ടതെന്നു കണ്ടെത്തുന്നതിനായി വിദഗ്ധര്‍ പദ്ധതികള്‍ തയാറാക്കുകയാണ്. ആര്‍ക്കാണ് ആദ്യം വാക്സിന് ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്സിന് വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്തു. അതിനൊപ്പം തന്നെ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ നാലു കോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. 2021 ആദ്യത്തോടെ കോവിഡ് -19 വാക്സിന് ലഭ്യമാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയിലെ വലിയ ജനസംഖ്യ കണക്കിലെടുത്ത് ഒരു വാക്സിന് നിര്‍മ്മാതാവിന് രാജ്യം മുഴുവന്‍ വാക്സിനേഷന് ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനാല്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നിരവധി കോവിഡ് 19 വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താന്‍ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.