വയനാട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതു പരിപാടികളില്‍ നിന്നും പരമാവധി മാറി നില്‍ക്കണം. വീടിന് പുറത്തിറങ്ങുമ്പോള്‍ കൃത്യമായി മാസ്ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കുകയും, കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചെയ്യണം. തിരികെ വീട്ടില്‍ എത്തുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ. ഇതിലൂടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം വരാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ രോഗം വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തില്‍ രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രദേശവാസികള്‍ ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കണം. രോഗികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാകാന്‍ പാടില്ല. മരണ നിരക്കും. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നതും പരമാവധി കുറയ്ക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ നിലവിലുണ്ട്. പൂക്കോട് വെറ്ററിനറി കോളേജില്‍ സജ്ജമാക്കിയിട്ടുള്ള ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പ്രതിദിനം 1250 ടെസ്റ്റുകള്‍ ഇവിടെ നടത്താന്‍ സാധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കോവിഡ് രോഗ ബാധ ഫലപ്രദമായി നേരിടാന്‍ പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. കൈ വൃത്തിയാക്കല്‍, ശരിയായ രീതിയിലുള്ള മാസ്ക് ഉപയോഗം, സാമൂഹ്യഅകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തരുത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ആഴ്ച്ചകളില്‍ പുലര്‍ത്തിയിരുന്ന ജാഗ്രതയ്ക്ക് അയവ് വന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും.
ഒരു വീട്ടിലെ ഏതെങ്കിലും ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ മറ്റ് അംഗങ്ങള്‍ കര്‍ശനമായും ക്വാറന്റീന് നില്‍ക്കുകയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താതെയും നോക്കുകയും വേണം. രോഗത്തെ നിസാരമായി കരുതരുത്. പ്രായഭേദമന്യേ ആരിലും രോഗബാധ ഗുരുതരമായ അപകട സാധ്യത ഉണ്ടാക്കിയേക്കാമെന്നും ഡി.എം.ഒ പറഞ്ഞു. മുതിര്‍ന്നവരെയും മറ്റ് അസുഖങ്ങളുളളവരെയും പരമാവധി സംരക്ഷിക്കുന്ന വിധത്തിത്തിലാണ് പെരുമാറേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു.