കൂറ്റനാട്: പൊന്നും പണവും തലവേദന തീർക്കുന്ന വിവാഹ സമ്പ്രദായങ്ങളിൽ വേറിട്ട ചുവടുവെപ്പുമായി ഒരു വിവാഹം. തൃത്താല പടിഞ്ഞാറങ്ങാടി കൂനമ്മൂച്ചി തെക്കേക്കര അബ്ദുൽ ഖാദറിന്റെ മകൻ ഹിഷാം അബ്ദുൽ ഖാദറും പൊന്നാനി മാറഞ്ചേരി പണ്ടത്ത്മണ്ണാറപ്പാട്ട് അബ്ദുറഹ്മാന്റെ മകൾ ഹസ്ന ജെബിനും തമ്മിലുള്ള വിവാഹമാണ് പുതിയ മാതൃക തീർത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കഴിഞ്ഞ ദിവസം നടന്നത്.
വധുവിനുള്ള മഹ്ർ (വിവാഹമൂല്യം) ആയി 10 സെന്റ് ഭൂമി നൽകിയാണ് ഹിഷാം ഹസ്നയെ തന്റെ ജീവിത സഖിയാക്കിയത്. വിവാഹത്തിന്റെ മഹ്ർ ആയ 10 സെന്റ് സ്ഥലത്തിന്റെ രേഖ നിക്കാഹിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നതായുള്ള 500 രൂപയുടെ മുദ്രപേപ്പറിലുള്ള സാക്ഷ്യപത്രമാണ് വരൻ നിക്കാഹിന്റെ ചടങ്ങിൽ ഹാജരാക്കിയത്. ഇത് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് പുത്തൻ അനുഭവമായി.
കല്ല്യാണാഘോഷങ്ങളുടെ പേരിലും മറ്റും നടക്കുന്ന അനാചാരങ്ങൾക്കും ആർഭാടങ്ങൾക്കുമെതിരെ വ്യക്തമായ നിലപാടുള്ള കുടുംബം ഇത്തരം പ്രവണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിലും നാട്ടിലെ മറ്റു സാമൂഹിക, സേവന രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.
ബിടെക് ബിരുദധാരികളാണ് നവദമ്പതികൾ. ഖുർആൻ മനപ്പാഠമാക്കിയ ഹാഫിസ് കൂടിയായ ഹിഷാം ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്.
