പാലക്കാട് : വണ്ടാഴി തളികക്കല്ല് കോളനിയിൽ നടപ്പിലാക്കാൻ പോവുന്ന വികസന പ്രവർത്തനങ്ങൾ ഊരു നിവാസികളോട് വിശദീകരിക്കുന്നതിനും അഭിപ്രായങ്ങൾ തേടുന്നതിനുമായി ഊരുകൂട്ടം സംഘടിപ്പിച്ചു.
ഒറ്റപ്പാലം സബ് കലക്ടറും കെൽസ മെമ്പറുമായ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ തളികകല്ല് കോളനിയിലെ കമ്യൂണിറ്റി ഹാളിലാണ് ഊരുകൂട്ടം സംഘടിപ്പിച്ചത്.
പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് മുഖേന 40 വീടുകൾ 420 ചതുരശ്ര അടി വിസ്തീർണത്തിൽ ജില്ലാ നിർമിതി കേന്ദ്രം മുഖേന നിർമ്മാണം ആരംഭിക്കാനും കോളനിയിലേക്കുള്ള പാലം, റോഡ് എന്നിവ സംസ്ഥാന നിർമിതി കേന്ദ്രം മുഖേന ഒരു മാസത്തിനുള്ളിൽ ആരംഭിച്ച് ആറ് മാസത്തിനകം പൂർത്തിയാക്കാനും തീരുമാനമായിട്ടുള്ളതായി ജില്ലാ ട്രൈബൽ ഓഫീസർ എം. മല്ലിക അറിയിച്ചു. ജലഅതോറിറ്റി മുഖേന കോളനിയുടെ മുകൾഭാഗത്തുള്ള നീരുറവ ഒരു തുറന്ന കിണറായി രൂപീകരിച്ച് ടാങ്ക്, വീടുകളിലേക്കുള്ള പൈപ്പ് കണക്ഷൻ എന്നിവ നൽകി കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ആലത്തൂർ എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചുള്ള അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
വനംവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കോളനിക്ക് ചുറ്റും നിലവിലുള്ള സൗരോർജ്ജ വേലിയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിനുപുറമെ, കൃഷി വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിൽ വാഴക്കന്നുകളും വിതരണം ചെയ്യും. വനവിഭവങ്ങളുടെ വിപണനം വനംവകുപ്പ് മുഖേന ഏറ്റെടുക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. കമ്മ്യൂണിറ്റിഹാൾ വൈദ്യുതീകരണം, കോളനിയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കും . ഓൺലൈൻ ക്ലാസുകൾക്കും, പി.എസ്.സി. പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ കോളനിയിൽ സജ്ജീകരിക്കുമെന്നും ട്രൈബൽ ഓഫീസർ അറിയിച്ചു.
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ്, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം.മല്ലിക, ആലത്തൂർ തഹസിൽദാർ കെ.ബാലകൃഷ്ണൻ, വാർഡ് മെമ്പർ ബെന്നി ജോസഫ്, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.