തിരുവിതാംകൂർ രാജകുടുംബം പണി കഴിപ്പിച്ച ചരിത്ര സ്മാരകമായ വെട്ടിക്കവല കൊട്ടാരം ജീർണാവസ്ഥയിലാണ്. കാലപ്പഴക്കം കൊണ്ട് ഓടുകൾ ഇളകി വീണ് കൊട്ടാരം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. വെട്ടികവലയിലെ സാംസ്കാരിക സംഘടനയായ ദേശസേവാസമിതി വായനശാല കൊട്ടാരം പുനരുദ്ധരിക്കുന്നതിനുള്ള ക്രിയാത്മക പ്രവർത്തനത്തിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുളള സെൻട്രൽ സ്കൂളിൻ്റെ ഭാഗമാണ് നിലവിൽ കൊട്ടാരം. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കൊട്ടാരം ക്ഷേത്ര കലകളും വിവിധ കലാരൂപങ്ങളും അഭ്യസിപ്പിക്കുന്നതിനുള്ള കലാ ക്ഷേത്രമായി അതിപുരാതനമായ വാദ്യോപകരണങ്ങൾ ഉൾപ്പടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ സൂക്ഷിക്കുന്ന ചരിത്ര മ്യൂസിയമായി മാറ്റണമെന്നാണ് വായനശാല കാംക്ഷിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് അപേക്ഷ നൽകുകയും ഈ ആവശ്യം ഉന്നയിച്ച് ക്ഷേത്ര ഉപദേശക സമിതി ഉൾപ്പടെയുള്ള വിവിധ സംഘടനകളെ നേരിൽ കാണുകയും ചെയ്തിരുന്നു. കൊട്ടാര സംരക്ഷണത്തിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച ശേഷം ബഹു. പത്തനാപുരം MLA യുടെ അദ്ധ്യക്ഷതയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ ഉൾപ്പടെ പങ്കെടുപ്പിച്ച് തുടർ പ്രവർത്തനങ്ങൾ നടത്താനാണ് വായനശാല തീരുമാനിച്ചിട്ടുള്ളത്. കൊട്ടാരസംരക്ഷണത്തിന് വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ദേശ സേവാസമിതി വായനശാല സെക്രട്ടറി എം. ബാലചന്ദ്രൻ, വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് എസ്സ് ഗിരീഷ് കുമാർ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എം.ശ്രീകുമാർ, പ്രസിഡൻ്റ് ജി ഹരികൃഷ്ണകുമാർ, നവരാത്രി ആഘോഷസമിതി ഭാരവാഹികളായ വെട്ടിക്കവല കെ എൻ ശശികുമാർ, പി കെ രാമചന്ദ്രൻ, അക്കാഡമി ഓഫ് ക്ലാസിക്കൽ മ്യൂസിക് ഡയറക്ടർ എ കെ ശശി, ഭക്തജന കൂട്ടായ്മയായ ദ്വാരപാലക സംഘം പ്രതിനിധികൾ എന്നിവർ അറിയിച്ചു.
