പള്ളിപ്പുറം | പട്ടാമ്പി പള്ളിപ്പുറം റൂട്ടിലെ പ്രധാനപ്പെട്ട പാതയായ പള്ളിപ്പുറം പട്ടാമ്പി റൂട്ടിൽ മുതുതല പള്ളിപ്പുറം റോഡ് തകർന്നു തന്നെ.ഈ വഴിയേ യാത്ര ചെയ്യുന്ന ബസുകളും സ്വകാര്യ യാത്രക്കാരും ദുരിതത്തിലാണ്. മുതുതല മിൽ നഗർ മുതൽ കാരക്കുത്ത് വരെയുള്ള ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്.സംസ്ഥാന സർക്കാറിന്റെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിൽ മുതുതല മുതൽ കാരക്കുത്തങ്ങാടി വരെ റബ്ബറൈസ് ചെയ്യാൻ പണ്ട് വകയിരുത്തിയിരുന്നു.ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർച്ച് മാസത്തിൽ അവസാന വാരത്തോടെ കൂടി അയ്യപ്പൻകാവ് അമ്പലത്തിനോട് ചേർന്ന ഭാഗത്ത് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ പാടശേഖരത്തിലൂടെയായിരുന്നു താൽക്കാലിക യാത്ര. മഴക്ക് മുമ്പ് പൊടി ശല്യവും മഴ പെയ്തതോടെ പാടശേഖരം വെള്ളത്തിലായതും യാത്രക്കാരെ ദുരിതത്തിലാക്കി. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം താൽക്കാലികമായി പണി നിർത്തിവെക്കേണ്ടിവന്നു. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും ജോലിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കലുങ്ക് നിർമ്മാണം കോൺഗ്രീറ്റ് അനുബന്ധ പ്രവർത്തികൾ ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുണ്ട്. മഴ മാറിയാൽ ഉടൻ റോഡ് റബ്ബറൈസ് ചെയ്യാനുള്ള പ്രവർത്തികൾ
ആരംഭിക്കുമെന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും തൃത്താല പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സനൽ തോമസും പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ മഴയിൽ ഈ പ്രദേശത്തെ മൂന്നു ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ഇരുചക്രവാഹനങ്ങൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുൾപ്പെടെ നിരവധി പേർ ഈ കുഴികളിൽ വഴുതിവീണു അപകടത്തിൽ പെട്ടിരുന്നു.മുതലയിൽ നിന്ന് വളാഞ്ചേരി, തൃത്താല മേഖലയിലേക്ക് പോകണമെങ്കിൽ യാത്രക്കാർക്കു ആശ്രയിക്കേണ്ട പ്രധാന റൂട്ട് ഇത് മാത്രമാണ്.ഈ റോഡ് തകർന്നതോടെ കൊടുമുണ്ട തീരദേശം വഴിയും മറ്റുമാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.മഴക്കാലത്തു പ്രദേശ വാസികളായ യുവാക്കൾ ചേർന്നു മെറ്റലും മണലും മണ്ണും മറ്റും ഉപയോഗിച്ച് റോഡിലെ പ്രധാന കുഴികൾ നികത്തിയിരുന്നു.മഴ അധികരിച്ചതോടെ മഴ വെള്ളത്തിനൊപ്പം ഒലിച്ചു പോവുകയും റോഡിലാകെ പരന്നിരിക്കുകയാണ്.
ആളുകൾ വാടകക്ക് വിളിച്ചാൽ ലഭിക്കുന്ന പൈസയേക്കാൾ ചെലവ് കൂടുതലാണ് ഈ റോഡിലൂടെ യാത്ര ചെയ്തു വരുന്നത് മൂലം ഉണ്ടാകുന്നത് എന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. വാഹനങ്ങൾക്ക് കൂടുതൽ കംപ്ലൈന്റ്കൾ വരികയാണെന്നും നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട് എന്നും സ്ഥിരം യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഈ പാതയോരത്ത് വഴിതടയൽ സമരം നടത്തിയിരുന്നു.
അടിയന്തര ഇടപെടൽ ഉണ്ടായിട്ടില്ലെങ്കിൽ ജനകീയ സമിതി രൂപവത്കരിച്ച് സമരങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്നും നാട്ടുകാർ പറയുന്നു.
