തിരുവനന്തപുരം : അതിഥി തൊഴിലാളികൾ കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യിക്കാമെന്ന് സർക്കാർ . രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളെ സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍കരുതലുകളോടെ ജോലിക്ക് നിയോഗിക്കാനാണ് തൊഴില്‍വകുപ്പ് അനുമതി നല്‍കിയത്.
ആരോഗ്യവകുപ്പിന്റ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ് തൊഴില്‍വകുപ്പിന്റെ നിര്‍ദ്ദേശം. കേരളത്തിലേയ്ക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണ്. പക്ഷേ ഇവര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ജോലി ചെയ്യാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പർക്കം പുലര്‍ത്താതെ പ്രത്യാകമായി വേര്‍തിരിച്ച സ്ഥലത്ത് ജോലി ചെയ്യാം എന്നാണ് തൊഴില്‍വകുപ്പിന്റെ നിര്‍ദ്ദേശം. കോവിഡ് സിഎഫ്എല്‍ടിസി മാര്‍ഗരേഖ പ്രകാരമാവണം താമസൗകര്യവും ഭക്ഷണവും നല്‍കേണ്ടത്.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശ നമ്പറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തിലുണ്ട്. ആരോഗ്യവകുപ്പ് മാര്ഗനിര്ദേശത്തിന് എതിരാണ് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശം.
സംസ്ഥാനത്ത് ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടിലൊ, ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലൊ കഴിയണമെന്നും, ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാല്‍ തുടര്‍ന്ന് 7 ദിവസം സമ്പർക്ക വിലക്ക് തുടരണമെന്നുമാണ് നിര്‍ദ്ദേശം. തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം അശാസ്ത്രീയമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം.