വയനാട് / കല്പറ്റ: മോട്ടോർ വാഹന വകുപ്പിലെ സ്പെഷൽ റൂളിലെ അപാകതകൾ പരിഹരിക്കുക, യോഗ്യത ഇല്ലാത്തവരെ ജോയിൻറ് ആർടിഒ മാരായി സ്ഥാനക്കയറ്റം നൽകുന്ന നടപടികൾ അവസാനിപ്പിക്കുക, സേഫ് കേരള പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, അന്യായമായ അച്ചടക്കനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി.

വയനാട് ആർടിഒ, എൻഫോഴ്സ്മെൻറ് ആർടിഒ, സുൽത്താൻബത്തേരി, മാനന്തവാടി എന്നീ സബ് ആർ ടി ഓഫീസുകളിലും മുഴുവൻ സാങ്കേതിക ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്ത അതിനാൽ ഇന്ന് (16-9-2020)ഈ ഓഫീസുകളിലെ എല്ലാ സാങ്കേതിക ജോലികളും മുടങ്ങി.

പണിമുടക്കിയ ജീവനക്കാർ വയനാട് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ധർണ്ണ വയനാട് ആർടിഒ എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എൻഫോഴ്സ്മെൻറ് ആർടിഒ എൻ. തങ്കരാജൻ, വയനാട് ജോയിൻറ് ആർടിഒ സാജു ബക്കർ, ബത്തേരി ജോയിൻറ് ആർടിഒ സി. പത്മകുമാർ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ സുനീഷ്. പി, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹാദ്. യു. ടി., കെ. എം. വി. ഡി.ജി. ഒ.എ. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷഫീഖ്. പി. കെ. എന്നിവർ നേതൃത്വം നൽകി. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻറെയും കേരള അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻറെയും
ആഹ്വാനപ്രകാരം ആയിരുന്നു സൂചനാ പണിമുടക്ക്.