വനഭൂമി പട്ടയം: ജി.പി.എസ് സര്‍വ്വെ തുടങ്ങി
01.01.1977 ന് മുമ്പായി വനഭൂമി കൈവശം വെച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് സര്‍വ്വേ പൂര്‍ത്തിയാക്കിയ ഭൂപ്രദേശങ്ങളുടെ കൃത്യമായ സ്ഥല നിര്‍ണയത്തിനായി ജി പി എസ് സര്‍വ്വെ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തില്‍ സി. കെ. ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. യമുന അധ്യക്ഷയായി.
തിരുവനന്തപുരം കെ.എല്‍.ആര്.എം ല്‍ നിന്നും ജി.പി.എസ് ഒബ്സര്‍വേഷന്‍ ടീം മൂപ്പൈനാട് കടച്ചിക്കുന്ന് പ്രദേശത്ത് ഇതിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വന ഭൂമിയില്‍ പട്ടയം ലഭിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനു വേണ്ടിയാണ് ജി.പി.എസ് സര്‍വ്വേ നടത്തി ഗൂഗിള്‍ മാപ്പില്‍ അപ്ലോഡ് ചെയ്യുന്നത്. ചടങ്ങില്‍ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേശന് കണിച്ചേരി, ജില്ലാ സര്‍വ്വേ സൂപ്രണ്ട് സുനില്‍. എസ്, പ്രൊജക്റ്റ് ഓഫീസര്‍ സബീന സെയ്ഫ് തുടങ്ങിയവര്‍ പങ്കെടുത്തു.