പാലക്കാട് : ജീവിതയാത്രക്കിടയിലെ എപ്പോഴോ കൈമോശം വന്ന കൃഷി വഴികളെ കാലങ്ങൾക്കിപ്പുറം, അപ്രതീക്ഷിതമായ് തിരിച്ചുപിടിച്ച. വിജയകഥയാണ്.പാലക്കാട് ജില്ലയിലെ ആനക്കര,തറയിൽ അഷ്റഫിന് പറയുവാനുള്ളത്.
മുമ്പ് നെൽകൃഷിയിലും, പശു വളർത്തലിലുമൊക്കെ സജീവമായിരുന്നുവെങ്കിലും,ഇരുപത് കൊല്ലം മുമ്പ് എല്ലാം വിൽക്കേണ്ടി വന്നു വർഷങ്ങളോളം പ്രവാസിയായി .തുടർന്ന് നാട്ടിലെത്തി
റോഡിൽ പച്ചക്കറിവില്പനയും, വീടുകളിൽ തുണി വില്പനയും, പലചരക്ക് കച്ചവടവുമൊക്കെ നടത്തി നോക്കി.പലതും നിർത്തേണ്ടി വന്നു,
ഒടുവിൽ പോട്ടൂരിൽ ദോസ്ത് ലൈറ്റ് & സൗണ്ടിനും തുടക്കം കുറിച്ചതോടെ ജീവിതം പതുക്കെ പച്ച പിടിച്ചു തുടങ്ങി.
അങ്ങനെ,നാട്ടിലെ കല്യാണങ്ങൾക്കും, സ്ക്കൂൾ കലോത്സവങ്ങൾക്കും, ക്ഷേത്ര ഉത്സവങ്ങൾക്കും, അമ്പതിനായിരം വാട്സുള്ള വമ്പൻ ഗാനമേളകൾക്കു മൊക്കെ ദോസ്ത് നാട്ടിലെ നിർണ്ണായക താരമായ്, തിളങ്ങി തുടങ്ങി.
കത്തി നിന്ന നല്ലനാളുകൾക്ക് വമ്പൻ തിരിച്ചടിയായ് കോവിഡ് മഹാമാരിയുടെ ദുരിതക്കാലം അഷ്റഫിനെ ശരിക്കും പിടിച്ചുലച്ചു. വരുമാനം നിലച്ചാൽ എല്ലാം തകിടം മറിയുന്ന അവസ്ഥ.
കുടെയുണ്ടായിരുന്ന ആറ് തൊഴിലാളികളിൽ പലരും നിർമ്മാണ പ്രവർത്തനങ്ങളിലേക്കും. ഇലക്ട്രിക്ക് ജോലികളിലേക്കു മൊക്കെ തല്ക്കാലം വഴിമാറി. രണ്ട് ബംഗാളികൾ നാട്ടിലേക്കും വണ്ടി കയറി.
എന്ത് ചെയ്യണമെന്ന അവസ്ഥയായ് അഷ്റഫിന്, ഒരു വലിയ കുടുംബത്തിന്റെ ആശ്രയമായ അദ്ദേഹത്തിന്റെ കർഷക മനസ്സ് വീണ്ടും ഉണർന്നു.
“ആനക്കര കൃഷിയും കർഷകരും ” എന്ന കൃഷിഭവൻ വാട്സപ്പ് ഗ്രൂപ്പിലൂടെ വീടിനോട് ചേർന്ന് കാർഷിക സംരംഭങ്ങൾ ചെയ്യാവുന്ന “ജൈവഗൃഹം” പദ്ധതിയെ കുറിച്ചറിഞ്ഞു.പ്രതീക്ഷയോടെ ആനക്കര കൃഷിഭവനെ സമീപിച്ചു.
പദ്ധതി ലഭിച്ചതോടെ. പശുവളത്തൽ, ആട് വളർത്തൽ, മത്സ്യം വളർത്തൽ, ഗ്രോബാഗിൽ തിരിനന പച്ചക്കറികൃഷി, അസോളകൃഷി, മണ്ണിര കമ്പോസ്റ്റ് നിർമ്മാണ യുണിറ്റ്, തുടങ്ങിയവയൊക്കെ ചെയ്യാനുറച്ചു.
വീടിനോട് ചേർന്ന് ആകെയുള്ള ഇരുപത് സെന്റ് പുരയിടത്തിൽ മുഴുവൻ ഇറക്കി കെട്ടി ഷീറ്റിട്ട ഷെഡിലാകെ ഒരിഞ്ച് സ്ഥലമില്ലാതെ മൈക്ക് സെറ്റുകളും,ചെമ്പും, കസേരകളും തുടങ്ങി വാടക സാധനങ്ങൾ നിറഞ്ഞു കിടക്കുന്നു. സ്ഥലമില്ലായ്മ വലിയൊരു വെല്ലുവിളിയായങ്കിലും ചെയ്യാൻ തന്നെ മനസ്സുറച്ചു.
വീടിന് പിൻവശത്തെ ഷെഡിലെ വാടക സാധനങ്ങളെല്ലാം തന്നെ, ഒന്ന് ക്രമീകരിച്ചെടുത്തു.സ്ഥലം ഒഴിവാക്കി, അവിടെ ഒരു തൊഴുത്തൊരുക്കിയെടുത്തു! ഒന്നല്ല ..ഒൻപത് പശുക്കളെയാണ് അഷ്റഫ് വാങ്ങിയത്.
കറവയുള്ള ജേഴ്സി, എച്ച് എഫ്, ആസ്ത്രേലിയൻ ക്രോസ് ഇനങ്ങൾ.
രാവിലേയും, വൈകീട്ടുമായ് എകദേശം 98 ലിറ്റർ പാല് ലഭിക്കും.ലിറ്ററിന് നാല്പത് രൂപക്കാണ് വില്പന. പാൽവില്പനയിലൂടെ തന്നെ ഇപ്പോൾ മാസത്തിൽ ശരാശരി ഒന്നേകാൽ ലക്ഷം ലഭിക്കും. ചാണകം ബോണസാണ്. ബയോഗ്യാസ് നിർമ്മാണത്തിനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
സ്വന്തമായ് പലചരക്ക് കടയുള്ളതിനാൽ ഹോൾ സെയിൽ വിലയിൽ തന്നെ കാലി തീറ്റകളും മറ്റും ലഭിക്കുന്ന മെച്ചവുമുണ്ട്. മൂത്ത രണ്ട് മക്കളാണ് പലചരക്ക് കടയുടെ മേൽനോട്ടം.
ഷെഡിൽ ഒരിടത്ത് പതിനഞ്ചോളം ആടുകൾക്കും കൂടൊരുക്കി ഇടം നല്കിയിട്ടുണ്ട്.മികച്ചൊരു വരുമാനം ആടുവളർത്തലിലൂടേയും ലഭിക്കുന്നുണ്ട്.. ആടിൻ കാഷ്ടം ചാക്കുകളിൽ നിറച്ചു വെക്കുന്നു. ആവശ്യക്കാർ നേരിട്ടെത്തി നല്ല വിലക്ക് തന്നെയാണ് വാങ്ങി പോകുന്നത്. മരുമകൾ മനീഷക്കാണ് ആടിന്റെ മേൽനോട്ടം.
ഒഴിഞ്ഞ ഒരിടത്ത് അഞ്ഞുറോളം മത്സ്യങ്ങളെ വളർത്താവുന്ന സിമന്റിൽ വാർത്ത കുളം ഒരുക്കിയെടുത്ത്. മത്സ്യങ്ങളേയും വളർത്തുന്നു.
പശുവിനും, ആടിനും നല്കുന്ന വൈക്കോലിന്റെയും, പുല്ലിന്റെയുമൊക്കെ തീറ്റ മാലിന്യങ്ങളും മറ്റും ഇവിടെ വെറുതെ കളയുന്നില്ല. അവ വെറുതെ കളയുവാൻ ഒഴിഞ്ഞ സ്ഥലവുമില്ല.അതിനാൽ തന്നെ മണ്ണിരകമ്പോസ്റ്റ് ടാങ്ക് ഒരനുഗ്രഹമാണ്. അവയെല്ലാം ഒരുക്കിയെടുത്ത മണ്ണിര കമ്പോസ്റ്റ് യൂണിറ്റിലേക്കിടുന്നു. മാലിന്യ നിർമ്മാർജ്ജനത്തോടൊപ്പം അവക്ക് നല്ല വില കിട്ടുന്ന മെച്ചവുമുണ്ട്. കമ്പോസ്റ്റ്, കിലോ ഇരുപത് രൂപക്കാണ് വില്പന.
ബയോഗ്യാസ് നിർമ്മാണം കൂടി കഴിഞ്ഞാൽ, അവയിലെ സ്ലറി തളിച്ച് മണ്ണിര കമ്പോസ്റ്റ് കൂടുതൽ, ഗുണകരവും, പോഷക സമ്പന്നവുമാക്കുന്ന ലക്ഷ്യം കൂടി ഇദ്ദേഹത്തിനുണ്ട്.അതുവഴി പശുവിൽ നിന്നുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കുവാനാകും.വിട്ടിലേക്ക് പാചകാവശ്യത്തിനുള്ള ഗ്യാസും സുലഭമായ് തന്നെ ലഭിക്കും.
പശു തൊഴുത്തിന് മുകളിലായ് ധാരാളം തെങ്ങോലകൾ നിരത്തിയിട്ടിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ മാറോലകൾ പടർന്ന് വൃത്തിഹീനമായ് കിടക്കുകയാണന്നാണ് തോന്നുക..എന്നാൽ കൊതുകിൽ നിന്ന് ഈ മാറോലകൾ പശുക്കളെ മികച്ച രീതിയിൽ തന്നെ സംരക്ഷിക്കുന്നുവെന്നാണ് അഷ്റഫിന്റെ പക്ഷം.
മികച്ചയിനം കറവയുള്ള പശുക്കളെ കുട്ടിയോട് കൂടി വാങ്ങി വളർത്തുന്നതാണ് ഇ കർഷകന്റെ ശൈലി. പെട്ടെന്ന് തന്നെ കുട്ടിയേയും, കറവ വറ്റിയാൽ പശുവിനേയും വില്ക്കും.
കറവയില്ലാത്ത പശുവിനെ തൊഴുത്തിൽ നിർത്തുന്ന പതിവില്ല. സ്ഥലമില്ലായ്മയും, ആവശ്യക്കാർക്ക് കൃത്യമായ് പാല് നല്കുന്നത് തടസ്സപ്പെടാതിരിക്കുന്നതിനുമായി അവയെ വിറ്റ് കറവയുള്ളവയെ ഉടൻവാങ്ങും.
പശു പ്രസവിച്ച് പശുകുട്ടിയെ വളർത്തിയെടുക്കുവാൻ.കുട്ടിക്ക് മാത്രം ദിവസവും ഒന്നര ലിറ്ററോളം പാൽ കൊടുത്ത്, അസുഖം പിടിപ്പെട്ടാൽ അതും ശ്രദ്ധിച്ച് വളർത്തിയെടുത്താൽ ഒരു മാസം തന്നെ ഏകദേശം മുവ്വായിരത്തി ഇരുന്നൂറോളം രൂപ ചിലവ് വരും, എന്നാൽ വില്ക്കുമ്പോൾ ആ വിലപ്പോലും കിട്ടില്ല എന്നാണ് അഷ്റഫ് പറഞ്ഞു വരുന്നത്.
വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷി ടെറസ്സിന് മുകളിലാണ്. ടെറസിന് ദോഷം വരാത്ത രീതിയിൽ തന്നെ, ഗ്രോബാഗിലൊരുക്കിയ തിരിനന കൃഷിയിലൂടെ. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ലഭിക്കുന്നു.
വാടകക്ക് നല്കാൻ കഴിയാത്ത ചതുരത്തിലുള്ള ആയിരം ലിറ്ററിന്റെ പ്ലാസ്റ്റിക്ക്ട്രം രണ്ടായ് പൊളിച്ചെടുത്ത്, അതിൽ അസോളയും വളർത്തുന്നു.ആടിനും, പശുവിനും, മീനിനുമൊക്കെ പോഷകസമ്പന്നമായ ഭക്ഷണമാണ് അസോള.
ടെറസ്സിന് മുകളിൽ തന്നെ വിവിധയിനം ഗപ്പികളുടെ നല്ലൊരു അലങ്കാര മത്സ്യ വളർത്തലിനും ഇടം കൊടുത്തിട്ടുണ്ട്.മക്കൾക്കാണ് ഗപ്പിയിൽ കമ്പം.
കാണുന്നവർ മോഹവില പറയുന്ന ഒരു ജോഡി പേർഷ്യൻ ക്യാറ്റും ഇവിടെ രാജകീയമായാണ് വാഴുന്നത്.
ആനന്ദത്തോടൊപ്പം ആദായവും പകരുന്നതാണ് അലങ്കാര പൂച്ചകളെന്നാണ് അഷ്റഫ് വ്യക്തമാക്കുന്നത്.പെൺപൂച്ച ഗർഭിണിയാണ്.പ്രസവിക്കുന്നതിന് മുമ്പ് തന്നെ അവയെല്ലാം നല്ല വിലക്ക് ആവശ്യക്കാർ പറഞ്ഞുറപ്പിച്ചിട്ടുണ്ട്.
അതെ, കൃഷി ചെയ്യുവാനും, കാർഷിക പ്രവർത്തനങ്ങൾക്കും ഇടമില്ലെന്ന് പരിതപിക്കുന്നവർക്ക് മാതൃകയാക്കാവുന്ന കാർഷിക ഇടപെടലുകളാണിത്. വളരെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് തന്നെ ലക്ഷത്തിലേറേ കാർഷിക വരുമാനം നേടുന്ന അഷ്റഫിന്റെ സംരംഭ മാജിക്ക് കൃത്യമായ് പഠിക്കേണ്ടത് തന്നെയാണ്. പ്രവർത്തനങ്ങളിൽ ധൈര്യപൂർവ്വം ഇടപ്പെടുവാനുള്ള ആത്മവിശ്വാസവും, ആകാംക്ഷയുമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. നഷ്ടങ്ങളെ അനുഭവങ്ങളിലേക്കുള്ള ചവിട്ടുപടികളാക്കുന്നു.
ക്ഷണനേരത്തിൽ ലാഭനഷ്ടങ്ങൾ ഗണിച്ചെടുത്ത്, കൃത്യമായ് നീന്തി കയറുവാനുള്ള ഇദ്ദേഹത്തിന്റെ അപാരമായ കഴിവും, പ്രശംസനീയമാണ്.
സ്ഥലവിസ്തൃതികളുടെ ചുരുക്കപ്പെടലുകളോട് പൊരുത്തപ്പെട്ട്. ക്രമീകരിച്ചെടുക്കാവുന്ന കുടിൽ വ്യവസായങ്ങളടക്കം. ഇത്തരത്തിലുള്ള വിവിധ ഇടപെടലുകൾ നിറഞ്ഞ ജൈവഗൃഹങ്ങൾ മികച്ച രീതിയിൽ തന്നെ വ്യാപിച്ചാൽ സാമൂഹ്യ- സാമ്പത്തിക മേഖലകളിൽ വളരെയേറെ മുന്നേറുവാൻ കഴിയുന്നതാണ്.
കുടുംബത്തിന്റെ കൂട്ടായ ഉറച്ച പിന്തുണയാണ്, അഷ്റഫിന്റെ, കാർഷിക പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്. പുറത്ത് നിന്ന് ഒരൊറ്റ തൊഴിലാളികൾ പോലുമില്ലാതെ കുടുംബത്തിലെ എല്ലാവരും ചേർന്നാണ് നിലനില്പിനായുള്ള ജോലികൾ ചെയ്യുന്നത്.
ഭാര്യമാർ :ഖൈറുന്നിസ, സാജിത.
ഏഴ് മക്കളുണ്ട് മുഹമ്മദ് ഷാഹിർ (25) ജഅഫർ അലി അഷ്റഫ് (22) അൻഫാൽ (19) ഷിഫാന (12) ഫാത്തിമ സഫ (11) സഫ്വാൻ (9) ഷിഫ്ന (7) എന്നിവരാണ് മക്കൾ. മരുമകൾ മനീഷ.
ഫോൺ നമ്പർ: അഷ്റഫ്:8086900300

