തിരുവനന്തപുരം : സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ഇരുപതിലധികം വിജ്ഞാപനങ്ങള്‍ ഭാഗികമായി കത്തിയെന്ന് ദുരന്തനിവാരണ കമ്മിഷണര്‍ ഡോ.എ.കൗശിഗന് ഐഎഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി. പ്രധാനപ്പെട്ട ഫയലുകള്‍ കൂട്ടത്തിലില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഓണം കഴിഞ്ഞു സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.
ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്കാന്‍ ചെയ്തു നമ്പരിട്ട് സീല്‍ ചെയ്ത അലമാരകളില്‍ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ ഫയലുകള്‍ പരിശോധിക്കുന്നത് വിഡിയോയില്‍ പകര്‍ത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് ഗ്രാഫിക്സ് വിഡിയോ തയാറാക്കാനും സമിതി ആലോചിക്കുന്നു. തീപടര്‍ന്നതിന്റെ കാരണം വിശദീകരിക്കാനാണ് വിഡിയോ തയാറാക്കുന്നത്. ഫൊറന്‍സിക് പരിശോധന കഴിഞ്ഞാല്‍ വിഡിയോ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
കൗശിഗന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടര്‍ന്നു. സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍, അഡീ.പ്രോട്ടോകോള്‍ ഓഫിസര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണ് സ്ഥലത്ത് എത്തിയതെന്നാണ് അഡീ.പ്രോട്ടോകോള്‍ ഓഫിസര്‍ രാജീവന്റെ മൊഴി. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.