ഐപിഎല്‍ കളിക്കാനായി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്ത്യയിലേക്കുളള മടക്കമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐപിഎല്ലിന്റെ 13ാം എഡിഷനില്‍ സുരേഷ് റെയ്ന ഉണ്ടാകില്ല. സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയെന്നത് ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥിരീകരിച്ചു. സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങി. ഇത്തവണ ഐപിഎല്ലില്‍ അദ്ദേഹം കളിക്കാന്‍ ഉണ്ടാകില്ല.
സുരേഷ് റെയ്നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എല്ലാ പിന്തുണയുമെന്നാണ് സിഇഒ കാശി വിശ്വനാഥന്റെ പേരിലുള്ള സന്ദേശത്തില്‍ പറയുന്നത്. ആഗസ്റ്റ് 21നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തോടൊപ്പം ഐപിഎല്‍ മത്സരങ്ങള്‍ക്കായി റെയ്ന യുഎഇയില്‍ എത്തിയത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെ ഒരു ബോളര്‍ക്ക് ഉള്‍പ്പെടെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.