പാലക്കാട് : ഈ പൊന്നോണം പുതിയ വീട്ടിലായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് രാധയും കുടുംബവും.. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുഴയ്ക്കൽ സ്വദേശികളായ രാധയും ഭർത്താവും മകനുമടങ്ങിയ കുടുംബം 12 വർഷത്തോളമായി നിവർന്നു നിൽക്കാൻ ഇടമില്ലാത്ത ഷെഡിലായിരുന്നു താമസം. വാതസംബന്ധമായ അസുഖവും രാധയെ അലട്ടിയിരുന്നു. ചികിത്സ ഇപ്പോഴും തുടരുകയാണ്. മകന്റെ പ്ലസ്ടു പഠനത്തിനിടെയാണ് രാധയ്ക്ക് അസുഖം ബാധിച്ചത്. പഠനം മുടങ്ങിയതിനാൽ പ്ലസ്ടു പൂർത്തിയാക്കാൻ സാധിച്ചില്ല . അങ്ങനെ ജീവിതം വഴിമുട്ടി നിന്ന സമയത്താണ് കൂലിപ്പണിക്കാരായ രാധയ്ക്കും കുടുംബത്തിനും ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് കിട്ടുന്നത്.
ലൈഫിൽ’ വിരിഞ്ഞ പൂക്കളത്തിൽ രാധക്കിത് പൊന്നോണം മാത്രമല്ല. പുത്തന്നോണം കൂടിയാണ്.
മഴയും വെയിലും ഏൽക്കാതെ അന്തിയുറങ്ങാമെന്ന ആശ്വാസവും ഇവർ പങ്കുവെയ്ക്കുന്നു.സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്താണ് രണ്ടു മുറികളും ഒരു ഹാളും അടുക്കളയും വരാന്തയുമടങ്ങിയ വീട് നിർമ്മിച്ചിരിക്കുന്നത്.
ഉത്രാടദിനത്തിലാവും താമസം തുടങ്ങുക.
രാധ മാത്രമല്ല… ഗീതയും ജലജയും ഷക്കില ബാനുവും ലൈഫിലൂടെ ലഭിച്ച തങ്ങളുടെ പുത്തൻവീടുകളിലാണ് ഓണം ഉണ്ണുക.
ലൈഫ് പദ്ധതിയിലൂടെ ഷെഡിൽ നിന്നും സുരക്ഷിത ഭവനത്തിലേക്ക് മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അഗളി നിവാസികളായ ഗീതയും കുടുംബവും . വർഷങ്ങളായി ഷെഡിൽ കഴിഞ്ഞിരുന്ന അഞ്ച് പേരടങ്ങുന്ന കുടുംബമാണ് ഈ ഓണക്കാലത്ത് സമാശ്വാസത്തിന്റേയും സന്തോഷത്തിന്റേയും വാക്കുകൾ പങ്ക് വെക്കുന്നത്.
ലൈഫ് പദ്ധതി മുഖേന ഏറെ നാളത്തെ വീടെന്ന സ്വപ്നമാണ് സാക്ഷാത്ക്കരിച്ചതെന്ന് ഗീത പറയുന്നു. ഐ.ടി.ഐ, സിവിൽ എഞ്ചിനീയറിങ്ങ് , സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളും അപകടമുണ്ടായി ചികിൽസയിൽ കഴിയുന്ന ഭർത്താവും ഉൾപ്പടെ അഞ്ച് പേരാണ് ഒറ്റമുറി ഷെഡിൽ കഴിഞ്ഞിരുന്നത് . തൊഴിലുറപ്പിൽ നിന്നും കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം . 2019 ലാണ് ഈ കുടുംബത്തിന് ലൈഫ് മിഷനിലൂടെ വീട് ലഭിച്ചത്.
ജലജയ്ക്കും ഭർത്താവിനും വാടക വീട്ടിൽ നിന്ന് എന്നന്നേയ്ക്കുമായി മോചനം
കൂലി പണിക്കാരായ ജലജയും ഭർത്താവും 12 വർഷമായി വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല ഈ അഗളി നിവാസികൾക്ക്. 13 വയസുള്ള മകളും, 12 വയസുള്ള മകനുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്. മകൻ സെറിബ്രൽ പാഴ്സി അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ചെറിയ വരുമാനമായതിനാൽ വീട്ടുവാടക പോലും നൽകാൻ കഴിയാത്ത അ വസ്ഥയിലായിരുന്നു കുടുംബം . കടം വാങ്ങിയും സ്വരുക്കൂട്ടി വെച്ചതുമായ തുക കൊണ്ടാണ് അഗളിയിലെ മലയോര പ്രദേശത്ത് കുറച്ച് സ്ഥലം വാങ്ങിയത്. ലൈഫ്മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകിയതിനെ തുടർന്ന് രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിവ ഉൾപ്പെട്ട വീട് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് ജലജയും കുടുംബവും..
ഷക്കീല ബാനുവിനും മകൾക്കും സുരക്ഷിത ഭവനമായി
ജീവിതം പ്രതിസന്ധിയിലായ അഗളി നിവാസികളായ ഷക്കീല ബാനുവിനും മകൾക്കും മഴയും വെയിലും ഏൽക്കാതെ കഴിയാൻ ഇനി സുരക്ഷിത ഭവനമുണ്ട്.
പതിനഞ്ച് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ച് പോയ ഷക്കിലബാനുവും ഒമ്പതാം ക്ലാസുകാരി മകൾ അൻസിയയും ഷക്കീലയുടെ അച്ഛന്റെ ആശ്രയത്തിലായിരുന്നു ജീവിച്ചിരുന്നത്. അച്ഛൻ മരിച്ചതോടെ ഇവർ ഏറെ പ്രതിസന്ധിയിലായി. ഒമ്പത് വർഷമായി എല്ലുപൊടിയുന്ന രോഗവുമായി ചികിത്സയിലാണ് ഷക്കീല ബാനു. വാക്കറിന്റെ സഹായമില്ലാതെ എണീറ്റ് നിൽക്കാൻ പോലും കഴിയില്ല. പെൻഷനും , നാട്ടുകാരുടെ സഹായവു കൊണ്ടാണ് ജീവിക്കുന്നത് . ഈ സാഹചര്യത്തിലാണ് അച്ഛൻ നൽകിയ മൂന്ന് സെന്റിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീടിനായി അപേക്ഷിച്ചത്. പദ്ധതി പ്രകാരം കിട്ടിയ നാല് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികൾ, ഒരു ഹാൾ, അടുക്കള, ടോയ്ലറ്റ് ഉൾപ്പെട്ട വീടാണ് ഈ കുടുംബം പണിഞ്ഞത്.