ഓണവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ ഓഗസ്റ്റ് 17 മുതൽ ആരംഭിച്ച ഓണക്കാല പരിശോധന ‘ഓപ്പറേഷൻ പൊന്നോണം’ സെപ്റ്റംബർ അഞ്ച് വരെ തുടരുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷ കമ്മിഷണർ അറിയിച്ചു.

മൂന്ന് സ്ക്വാഡുകളായി ഇതുവരെ 166 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 13 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാല് സ്ഥാപനങ്ങൾക്ക് പിഴചുമത്തി. 17 സാമ്പിളുകൾ പരിശോധനകൾക്കായി ശേഖരിച്ചു.

വാളയാർ, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്. ഇതുവരെ 55 വാഹനങ്ങൾ പരിശോധിക്കുകയും 29 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം തൃശ്ശൂരിൽ നിന്നുള്ള മൊബൈൽ പരിശോധനാ ലാബിന്റെ സഹായത്തോടെ വടക്കഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലും മീനാക്ഷിപുരം ചെക്ക് പോസ്റ്റിലും പാൽ, എണ്ണ എന്നിവയുടെ തൽസമയ പരിശോധനയും നടത്തി.
പാൽ, നെയ്യ്, ശർക്കര, പായസം മിക്സുകൾ, പരിപ്പ്, മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയ മസാല പൊടികൾ, പപ്പടം, വെളിച്ചെണ്ണ തുടങ്ങി ഓണവിപണി ലക്ഷ്യമിട്ട് പുറത്തുനിന്നും എത്തിക്കുന്ന മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. പച്ചക്കറികൾ, പഴങ്ങൾ, ചിപ്സുകൾ എന്നിവയുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. പുറത്തു നിന്നും എത്തുന്ന മത്സ്യലോറികളും ചെക്ക്പോസ്റ്റുകളിൽ പരിശോധിക്കുന്നുണ്ട്.

- ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക
വിപണിയിലെത്തുന്ന ശർക്കര, ചിപ്പ്സ് എന്നിവ വാങ്ങുമ്പോൾ കടുംനിറത്തിലുള്ള (മഞ്ഞ, ചുവപ്പ്) ശർക്കരയും തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ചിപ്സും ഒഴിവാക്കേണ്ടതാണ്. വെളിച്ചെണ്ണ വാങ്ങുമ്പോൾ കമ്പോളവിലയെക്കാൾ ഒരുപാട് കുറഞ്ഞ വിലയിൽ വിൽക്കുന്ന പാക്കറ്റുകൾ ഒഴിവാക്കുക. അവയ്ക്ക് ഗുണനിലവാരം കുറയാൻ സാധ്യതയുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പറും നിർമ്മാണതീയതി, ഉപയോഗകാലാവധി എന്നിവ രേഖപ്പെടുത്തിയ പാക്കറ്റുകൾ മാത്രം വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വഴിയരികിൽ തുറന്നുവെച്ച് വിൽക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പരമാവധി ഒഴിവാക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം വിൽപ്പന നടത്താൻ കച്ചവടക്കാർ ശ്രദ്ധിക്കണം.
- താൽക്കാലിക ഭക്ഷ്യ സ്റ്റാളുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
ഓണം പ്രമാണിച്ച് തുടങ്ങിയ താൽക്കാലിക ഭക്ഷ്യ സ്റ്റാളുകൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ എടുത്തിരിക്കണം. ഭക്ഷ്യസുരക്ഷാ ലൈസൻസോ, രജിസ്ട്രേഷനോ ഇല്ലാതെ വ്യാപാരം നടത്തുന്നത് അഞ്ച് ലക്ഷം പിഴയും ആറുമാസത്തെ ജയിൽശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
പൊതുജനങ്ങൾക്ക് 1800-425-1125, 8943346189 നമ്പറുകളിൽ പരാതി അറിയിക്കാം
ഓണക്കാല പരിശോധനയുടെ ഭാഗമായി ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവടങ്ങളിലും പരിശോധന നടത്തും. പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ട്രോൾഫ്രീ നമ്പറായ 1800- 425- 1125 ലോ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ 8943346189 എന്ന നമ്പറിലോ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷ കമ്മിഷണർ അറിയിച്ചു.