വയനാട് : ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിൽ നടക്കുന്ന കോവിഡ് നിയന്ത്രണ നടപടികൾ ഫലപ്രദമാണെന്ന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കലക്ട്രേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. ജില്ലയിലിപ്പോൾ ദിനംപ്രതി ശരാശരി 1350 പേരെ കോവിഡ് പരിശോധിക്കാൻ കഴിയുന്നുണ്ട്. ആവശ്യാനുസരണം പരിശോധന ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആറ് സ്വകാര്യ ലാബുകളിൽ പരിശോധനാ സൗകര്യമായിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വൈകാതെ ആർ.ടി.പി.സി.ആർ ലാബ് ആരംഭിക്കും.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ 32 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി 3573 ബെഡുകൾ സജ്ജമായി. 62 സി.എഫ്.എൽ.ടി.സി കേന്ദ്രങ്ങളിലായി 7465 ബെഡുകൾ ലഭ്യമാകത്തക്കരീതിയിലുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 30 ആദിവാസികൾക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും രോഗമുക്തരായി. കൂടുതൽ ആദിവാസികൾക്ക് വരാതിരിക്കാനുളള ജാഗ്രത പുലർത്തുന്നു. പട്ടിക വർഗ കോളനികളെ ക്ഷേമപ്രവർത്തനങ്ങൾ ട്രൈബൽ വകുപ്പ്, ജനമൈത്രി പോലീസ്, ജനമൈത്രി എക്സൈസ്, ട്രൈബൽ പ്രമോട്ടർമാർ, സോഷ്യൽ വർക്കർമാർ എന്നിവരെ ഉപയോഗപ്പെടുത്തി കൂടുതൽ കാര്യക്ഷമമാക്കണം.
ജില്ലയിൽ കോവിഡ് പ്രതിരോധത്തിനായി ആയുർവ്വേദ, ഹോമിയോ മരുന്നുകളും വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എലിപ്പനിയും ഡെങ്കുപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് വളരെ ശക്തമായിത്തന്നെ ഈ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.
ഓണക്കാലമായതിനാൽ ചെക്ക് പോസ്റ്റുകൾ വഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് ലഹരി പദാർത്ഥങ്ങളും മറ്റ് വസ്തുക്കളും കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ട് ഈ സാഹചര്യം പരിഗണിച്ച് ചെക്പോസ്റ്റുകളിൽ പോലീസും എക്സൈസും കൂടുതൽ ശക്തമായ പരിശോധന നടത്തുന്നതിനുള്ള ക്രമീകരണ ഒരുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കുഴൽപ്പണവും സ്വർണ കള്ളക്കടത്തും കോവിഡിനിടയിൽ നടക്കുന്നതും പരിശോധിക്കണം.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള, സബ് കലക്ടർ വികൽപ് ഭരദ്വാജ്, അസിസ്റ്റന്റ് കലക്ടർ ഡോ.ബൽപ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.