മലയാള ചെറുകഥയുടെ പെരുന്തച്ചൻ, ടി. പത്മനാഭന്റെ കഥാ സമാഹാരമായ പ്രകാശം പരത്തുന്ന പെൺകുട്ടി വായിക്കാത്ത മലയാളികൾ വിരളമായിരിക്കും. തൊണ്ണൂറു പിന്നിട്ട തന്റെ സർഗ്ഗ ജീവിതത്തിൽ ചെറുകഥ എന്ന ഏക സാഹിത്യ രൂപം കൊണ്ടു മാത്രം ഇത്രയേറെ കേന്ദ്ര-സംസ്ഥാന സാഹിത്യ അവാർഡുകൾ വാരികൂട്ടിയ മറ്റൊരാളുണ്ടാവില്ല.
ശക്തമായ പ്രകാശം പ്രസരണം ചെയ്യുന്ന, എത്രമേൽ ആശയറ്റവനെയും ജീവിക്കാൻ പ്രചോദിപ്പിക്കുന്ന ജീവിത ഗന്ധിയായ ആശയങ്ങൾ വിന്ന്യസിച്ചിട്ടുള്ള മലയാളത്തിലെ എക്കാലത്തെയും മികച്ച പത്രണ്ടു കഥകളാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുടെ ഉള്ളടക്കം. ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷകൾക്ക് പുറമെ റഷ്യ, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഈ ഗ്രന്ഥം വെളിച്ചം കണ്ടിട്ടുണ്ട് എന്നത് ഈ പുസ്തകത്തിന്റെ ആഗോള പ്രസക്തിയിലേക്ക് വിരൽ ചൂണ്ടുന്നു.

ശക്തമായ ഭാവനയുടെ ആഴവും പരപ്പും താളവും പുലർത്തുന്ന ഈ കൃതി അറബിയിലേക്ക് വിവർത്തനം ചെയ്യുക എന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ചിട്ടുള്ളത് അബ്ദുല്ല വാഫി കരിമ്പയാണ്. വളവന്നൂർ ബാഫഖി വാഫി കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിരവധി ദേശീയ അന്തർദേശീയ സെമിനറുകളിൽ പ്രബന്ധവും അവതരിപ്പിച്ച് ശ്രദ്ധനേടിയ അബ്ദുല്ല വാഫി മുൻ ബാഫഖി വാഫി കോളേജ് ലക്ച്ചററും, അമേരിക്കൻ കമ്പനി ഹയർ റൈറ്റ് സീനിയർ എക്സിക്യൂട്ടീവും, നിലവിൽ വിപ്രോ ഇന്റർനാഷണലിൽ അറബിക് ഡോകുമെന്റ് അനലിസ്റ്റുമാണ്.

നജീബ് മഹ്ഫൂളിനെ പോലെ ലോകപ്രശ്സതരായ അറബ് എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്ന ഈജിപ്തിലെ തന്നെ മുൻനിര പ്രസാധകരായ ദാറു സുക്രിയ്യഃയാണ് പ്രസാധനം ഏറ്റെടുത്തിട്ടുള്ളത് എന്നത് പുസ്തകത്തിന്റെയും തർജ്ജുമയുടെയും മികവിനുള്ള അംഗീകാരമാണ്. കൂറ്റനാട് കരിമ്പ സ്വദേശികളായ
ചാലാച്ചിയിൽ മൊയ്തുണ്ണി ആയിശ ദമ്പതികളുടെ മകനാണ് അബ്ദുള്ള . ശരീഫ് , ശഹീർ സഹോദരൻമാരാണ്. ഭാര്യ : മുഹ്സിന മകൾ : ആയിശ നജൂദ്