പാലക്കാട്: കോവിഡുകാലമാണെങ്കിലും ഓണമെത്തിയതോടെ നഗരം വീണ്ടും തിരക്കിലമർന്നു. വലിയങ്ങാടിയിലുൾപ്പെടെ കടകളിൽ ആളുകളുടെ തിരക്കേറുന്ന പുതിയ സാഹചര്യത്തിൽ ഡ്രോണുമായി വീണ്ടും ആകാശനിരീക്ഷണത്തിന് ഇറങ്ങിയിരിക്കയാണ് പോലീസ്. തിങ്കളാഴ്ച രാവിലെമുതൽ ഡ്രോണിന്റെ സഹായത്തോടെയുള്ള നിരീക്ഷണം ആരംഭിച്ചു.
മുകളിൽ ക്യാമറയുണ്ട്അകലം മുഖ്യം…
ഓണക്കാലത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്… കടകൾക്കുമുന്നിലും റോഡുകളിലും കൂട്ടംകൂടി നിൽക്കരുത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. ഇല്ലെങ്കിൽ നഗരം ചുറ്റിപ്പറക്കുന്ന പോലീസിന്റെ ഡ്രോൺ നിങ്ങളെ ചിത്രത്തിലാക്കും. നടപടിയും നേരിടേണ്ടിവരും. പോലീസിന്റെ 15 സംഘങ്ങളാണ് പരിശോധനയ്ക്കുള്ളത്.
വലിയങ്ങാടി, മേലാമുറി, സുൽത്താൻ പേട്ട, ശകുന്തള ജംങഷനുകളിലും ജി.ബി. റോഡ്, മാർക്കറ്റ് റോഡ്, കോർട്ട് റോഡ് എന്നിവടങ്ങളിലുമെല്ലാം രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെ ഡ്രോൺ നിരീക്ഷണമുണ്ടാവും. വരുംദിവസങ്ങളിൽ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്നും അനുസരിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിവൈ.എസ്.പി. ആർ. മനോജ് കുമാർ പറഞ്ഞു.
കടകളിൽ ടോക്കൺ
തിരക്കേറാൻ സാധ്യതയുള്ള തുണിക്കടകൾ, മാളുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ ടോക്കൺ നൽകി നിശ്ചിത ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. ഇതുസംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
വൺവേ: കൂടുതൽ ദൂരം സഞ്ചാരം
ഓണത്തിന് തിരക്കേറാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് വലിയങ്ങാടിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. അങ്ങാടിയിലെത്തുന്നവർക്ക് ശകുന്തള ജംങഷൻ റോഡിലൂടെ മാത്രമേ പ്രവേശിക്കാനാവൂ. സാധനങ്ങൾ വാങ്ങി മടങ്ങുന്നവർ മേലാമുറിവഴി വേണം തിരിച്ചുപോകാൻ. രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെ ചരക്കുവാഹനങ്ങൾക്ക് പ്രവേശനമില്ല. വാഹനങ്ങൾ നിയന്ത്രിക്കാൻ പോലീസിന്റെ കാവലുമുണ്ട്.
എന്നാൽ, വൺവേരീതിയിലുള്ള ഗതാഗതക്രമീകരണം ദൂരക്കൂടുതലുണ്ടാക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. പറളി ഭാഗത്തുനിന്നെത്തുന്നവർ അങ്ങാടിയിലെത്താൻ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് ഭാഗത്തുകൂടെ വന്ന് ശകുന്തള ജംങ്ഷനിലെത്തിയാലേ അകത്തുകയറാനാവൂ. നേരത്തെ മേലാമുറിയിൽനിന്ന് അങ്ങാടിയിൽ കയറാമായിരുന്നു. താരേക്കാട്, ബി.ഇ.എം. സ്കൂൾ ഭാഗത്തുനിന്ന് അങ്ങാടിയിലെത്തുന്നവർക്ക് തിരികെ മേലാമുറിവഴി കെ.എസ്.ആർ.ടി. ബസ്സ്റ്റാൻഡ് ചുറ്റി കിലോമീറ്ററുകൾ കൂടുതൽ സഞ്ചരിക്കണം. ഇത് സമയനഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി.