സംസ്ഥാനത്ത് കോവിഡ് ഭീതി വിതക്കുന്നത് കൂടുതലും തീരപ്രദേശങ്ങളിലാകുകയാണ്. വളരെ വേഗത്തിലാണ് ഇവിടങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിലേക്ക് കോവിഡ് വ്യാപിക്കുകയാണ്.
കൊല്ലത്ത് കഴിഞ്ഞ ദിവസം മൂന്ന് ഹാര്‍ബറുകളും അടച്ചു. തീരപ്രദേശങ്ങളില്‍ അസൗകര്യങ്ങള്‍ ഉള്ളതാണ് പ്രധാന പ്രശ്നം. ഇത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ശ്രദ്ധ തീരപ്രദേശങ്ങളില്‍ ഉണ്ടാകും
കോഴിക്കോട് ജില്ലയിലും ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് തീരപ്രദേശത്താണ് . വടകര ചോറോട് ഇന്നലെ മാത്രം പുതിയതായി അമ്പത്തിയാറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കോഴിക്കോട് നഗരപരിധിക്കുള്ളില്‍ വെള്ളയില്‍, മുഖദാര്‍ പ്രദേശങ്ങളും ചോറോട് പഞ്ചാത്തിലെ തീരമേഖലയിലുമാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഈ മേഖലകള്‍ ക്ലസ്റ്റായി പ്രഖ്യാപിച്ച് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് പരിശോധനകളും നടത്തും. അതുവഴി തീരങ്ങളിലെ രോഗവ്യാപനം കുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.