പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുകൂലമായ നടപടിക്കായി കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനം നല്‍കിയിരിക്കുന്ന ഹർജിയിലെ ആവശ്യം. ആഗസ്റ്റ് 28ന് അപേക്ഷ പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാന്ഷന് ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐ ഐ ടി മദ്രാസ് പഠനം നടത്തിയിരുന്നു.
പാലം നിര്‍മിക്കാനായി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ്, പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ ടി ഒ സൂരജ് അടക്കമുള്ളവരുടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇബ്രാഹീംകുഞ്ഞിനെതിരായ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റ് അടക്കമുള്ള കൂടുതല്‍ നടപടികളിലേക്ക് ഉടന്‍ വിജിലന്‍സ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ നീക്കം നടത്തന്നത്. ഇതിന്റെ ഭാഗമായാണ് ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവിനെതിരെ സുപ്രീം കോടതിയിലെത്തിയരിക്കുന്നത്.
