പാലക്കാട് അട്ടപ്പാടിയില്‍ ഒരു കാട്ടാനയെ കൂടി വായില്‍ മുറിവുമായി അവശനിലയില്‍ കണ്ടെത്തി. ഷോളയൂരിൽ നിരവധി വീടുകൾ തകർത്ത ബുൾഡോസർ എന്ന വിളിപ്പേരുള്ള മോഴയാനയെയാണ് ആനക്കട്ടിയിൽ അവശനിലയിൽ കണ്ടെത്തിയത്.
വീടുകൾ തകർക്കുകയാണെന്ന ആദിവാസികളുടെ പരാതിയില്‍ മണ്ണാർകാട് നിന്നു ദ്രുതകർമ്മ സേനയെത്തി റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് ഈ ആനയെ കാടു കയറ്റിയിരുന്നു. പതിനെട്ടു ദിവസത്തിനു ശേഷമാണ് ഈ ആനയെ ജനവാസ മേഖലയിൽ കാണുന്നത്. തമിഴ്നാട്ടിൽ നിന്നും മുറിവേറ്റ ആനയാണ് കേരള അതിർത്തിയിൽ എത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.
തമിഴ്നാടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ആനയെ കണ്ടിരുന്നു. ആനക്ക് വെള്ളം കുടിക്കുന്നതിനു, ഭക്ഷണം കഴിക്കുന്നതിനും കഴിയുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും, ഡോക്ടർമാരും സംഭവ സ്ഥലത്തെത്തി. ആനയുടെ വായിൽ നിന്നും ദുർഗന്ധവും വരുന്നുണ്ട്. കഴിഞ്ഞ മാസം ഒരു പിടിയാന സമാനമായ രീതിയിൽ ചെരിഞ്ഞീരുന്നു. കോയമ്പത്തൂർ വന മേഖലയിൽ നിന്നും പരിക്കേറ്റ 17 കാട്ടാനകൾ ഈവർഷം ചെരിഞ്ഞു.

