തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒന്‍പത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ജയിലിലെ 36 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 130 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെ വരെ 477 പേര്‍ക്കാണ് പൂജപ്പുര ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്.
ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലില്‍ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. 72-കാരനായ ഈ ജയില്‍ പുള്ളി ഞായറാഴ്ച മരിച്ചു. തുടര്‍ന്ന് പി ബ്ലോക്ക് ഏഴിലെ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഓഗസ്റ്റ് 12ന് നടത്തിയ ഈ പരിശോധനയില്‍ 59 തടവുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 14-ന് ജയില്‍ ആസ്ഥാനം ശുചീകരിക്കാനെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ആസ്ഥാനം അടച്ചു. ഓഗസ്റ്റ് 16ന് 145 തടവുകാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 ആയപ്പോള്‍ ജയിലില്‍ ആകെ രോഗികള്‍ 477 ആയി.