പാലക്കാട് : ജില്ലയിൽ പുതിയ ക്ലസ്റ്ററുകൾക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലൻ. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയിൽ 63 പോസിറ്റീവ് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പുതുനഗരം മേഖലയിൽ ക്ലസ്റ്റർ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 18 മുതൽ നടത്തിയ 10597 ആന്റിജൻ ടെസ്റ്റുകളിൽ 547 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടർന്ന് മുതുതലയിൽ നടത്തിയ 348 ടെസ്റ്റുകളിൽ 69 പോസിറ്റീവ് കേസുകൾ കണ്ടെത്തി. സമാന പ്രവണതയാണ് പുതുനഗരം പഞ്ചായത്തിലും ഉണ്ടായത്. കൂടാതെ, കോങ്ങാട് മേഖലയിൽ നടത്തിയ 1109 ടെസ്റ്റുകളിൽ 63 രോഗബാധിതരെയാണ് കണ്ടെത്തിയത്. നിലവിൽ ഇവിടെ കണ്ടെയ്ന്മേന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയിൽ ഉണ്ടായ രോഗവ്യാപന പ്രതിഭാസം ജില്ലയിൽ വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങൾ പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.
- കോവിഡ് പ്രതിരോധം: കേരളം ലോകത്തിനു മാതൃക
കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനു മാതൃകയാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ആനുപാതികമായി രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവുള്ളത് കേരളത്തിലാണ്. കോവിഡ് കാലത്തെ വ്യവസ്ഥാപിതമായി നേരിട്ട രീതിയുടെ മികച്ച ഇടപെടലുകളാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിജയകരമായി നടത്തിയതും ഓൺലൈൻ പഠനസൗകര്യങ്ങൾ സാർവത്രികമായതും. 55 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ നടപടി തുടങ്ങി. കൂടാതെ, ഓണത്തോടനുബന്ധിച്ച് റേഷൻ, ഭക്ഷ്യധാന്യകിറ്റ്, പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്ക് ഓണപ്പുടവ എന്നിവയുടെ വിതരണമെല്ലാം മികച്ച രീതിയിൽ കേരളത്തിലാണ് നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ കക്ഷി – രാഷ്ട്രീയമില്ലാതെ എല്ലാവരും യോജിച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
- അതിഥി തൊഴിലാളികളുടെ കോവിഡ് പരിശോധനയും ക്വാറന്റൈനും കോൺട്രാക്ടർമാർ ഉറപ്പാക്കണം
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജോലികൾക്കായി ജില്ലയിൽ എത്തുന്ന അതിഥി തൊഴിലാളികളുടെ കോവിഡ് പരിശോധനയും ക്വാറന്റൈനും അതത് കോൺട്രാക്ടർമാർ ഉറപ്പാക്കണമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. തൊഴിൽ കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന കോൺട്രാക്ട്ടർമാർ തൊഴിലാളികളെ പരിശോധയ്ക്ക് വിധേയരാക്കി കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കേണ്ട പൂർണ്ണ ഉത്തരവാദിത്ത്വം തൊഴിലുടമകൾ വഹിക്കണം. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു ബസ് കമ്പനിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 1226 പേരിൽ 51 പേരുടെ പരിശോധന ഫലം പോസിറ്റീവാണ്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖല ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററാക്കാൻ സാധ്യയുണ്ട്. അതോടൊപ്പം കഞ്ചിക്കോട് ഐ.ഐ.ടിയിൽ ജോലി ചെയ്യുന്ന ആറ് തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.