ബാംഗ്ലൂർ: ബംഗളൂരു അക്രമം ആസൂത്രിതമെന്ന് എഫ്ഐആര്‍. അക്രമത്തിന് നേതൃത്വം നല്കിയ 17 പേരെ പ്രതിചേര്‍ത്ത് 9 എഫ്ഐആറുകളാണ് ബംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
കെജെ ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 9 എഫ്ഐആറുകളിലാണ് അക്രമം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറയുന്നത്. 800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തിയാണ് പൊലീസ് സ്റ്റേഷനുകളും വീടും ആക്രമിച്ചത്. പൊലീസുകാരെയും എംഎല്‍എയുടെ ബന്ധു നവീനെയും കൊല്ലാന്‍ അക്രമികള്‍ ആക്രോശിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. എസ്ഡിപിഐ നേതാവ് മുസമ്മില്‍ പാഷാ മക്സൂദടക്കം 17 പേരെ അക്രമത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തി പ്രതിചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷത്തിലേര്‍പ്പെട്ട 147 പേരാണ് ഇതുവരെ അറസ്റ്റിലായത്.