കൊട്ടാരക്കര : കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് തെരുവിൽ മത്സ്യകച്ചവടം പാടില്ലന്നുള്ള തീരുമാനത്തിന് വിരുദ്ധമായി മത്സ്യഫെഡ് തെരുവ് കച്ചവടം നടത്തുന്നു. കൊല്ലം ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന മത്സ്യ വ്യാപാരികളുടെ യോഗത്തിൽ മത്സ്യം വീടുകളിലും തെരുവുകളിലും കച്ചവടം പാടില്ലെന്നും, കൊല്ലം പോർട്ടിൽ മത്സ്യ വ്യാപാരം പുനരാരംഭിക്കുമ്പോൾ അംഗീകൃത ഫിഷ്സ്റ്റാൾ വഴി കൊല്ലം മത്സ്യം മാത്രമേ കച്ചവടം പാടുള്ളൂവെന്നും തീരുമാനിച്ചിരുന്നു. എന്നാൽ പൊന്നാനിയിൽ നിന്നും പാരിപ്പള്ളിയിലേക്ക് വാനിൽ കൊണ്ടുവന്ന ഒരു ലോഡ് മത്സ്യം മത്സ്യഫെഡിന് കൈമാറുകയും അവർ കൊട്ടാരക്കര മുനിസിപ്പൽ ഓഫീസിനുമുന്നിൽ തെരുവ് കച്ചവടം തകൃതിയായി നടത്തുന്നു. മുനിസിപ്പൽ സെക്രട്ടറിക്ക് കൊറോണ ബാധിച്ചതിനാൽ ആഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇതിനു മുന്നിൽ ആണ് ഇവരുടെ കച്ചവടം. അന്യ ജില്ലകളിലെ മത്സ്യം ഇവിടെ വിൽക്കുവാൻ പാടില്ല എന്നുള്ള കളക്ടറുടെ നിർദ്ദേശം നിലനിൽക്കെ മത്സ്യഫെഡ് തെരുവിൽ വിൽപന നടത്തുന്നതിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചു.
