വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദുരന്തനിവാരണസേന ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ജില്ലാകലക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് ഡയറക്ടറി നല്‍കിയാണ് പ്രകാശനം ചെയ്തത്. ജില്ലാപഞ്ചായത്ത് പരിശീലനം നല്കിയ ദുരന്തനിവാരണ സേനനാംഗങ്ങളുടെ വിവരങ്ങളടങ്ങിയ സമ്പൂര്‍ണ്ണ ഡയറക്ടറിയാണിത്. ജില്ലയിലുണ്ടായേക്കാവുന്ന പ്രളയവും ഉരുള്‍പ്പൊട്ടലും പോലെയുള്ള ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാണ് പ്രാദേശികാടിസ്ഥാനത്തില്‍ ദുരന്ത നിവാരണ സേന രൂപീകരിച്ചത്. ദുരന്തനിവാരണ സേനയിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഫയര്‍ & റസ്ക്യു വകുപ്പ്, ആരോഗ്യവകുപ്പ്, ജില്ലാ ദുരന്ത നിവാരണ വകുപ്പ് എന്നിവയില്‍ നിന്നും ദുരന്ത നിവാരണ പ്രതിരോധ മാര്‍ഗ്ഗങ്ങളിലും അടിയന്തിര ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളിലും പരിശീലനം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണസേനാംഗങ്ങളെ നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ ആവശ്യാനുസരണം ഇവരുടെ സേവനം അടിയന്തര ഘട്ടത്തില്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും. ജില്ലയിലെ പൊതുവിവരങ്ങള്‍ പ്രധാന ഫോണ്‍ നമ്പറുകള്‍, ആശുപത്രികളുടെ വിവരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡ് മാപ് എന്നിവയെല്ലാം ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ 25 ലക്ഷം വകയിരുത്തിയാണ് ദുരന്തനിവാരണ സേന രൂപീകരിച്ചത്. പരിശീലനം ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കായാണ് തുക വിനയോഗിച്ചത്. റെസ്ക്യു പ്രവര്‍ത്തനങ്ങല്‍ക്കായി രണ്ട് ബോട്ടുകള്‍ ഫയര്‍ & റസ്ക്യു വകുപ്പിന് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം കൈമാറിയിയിരുന്നു. ജില്ലാ പോലീസ് മേധാവി ആര്.ഇളങ്കോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് പി.കെ.അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
