വയനാട് : ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രിയിലേക്ക് 100 ബഡ്ഷീറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശിന് കൈമാറി.
ജില്ലയിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് ബെഡ്ഷീറ്റ് വാങ്ങുന്നതിന് ആവശ്യമായ തുക സമാഹരിച്ചത്. 100 പി.പി.ഇ കിറ്റുകള്‍, 10,000 മാസ്ക്കുകള്‍, വിവിധ കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍, കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്നിവയും ഇതിനോടകം ഇവര്‍ നല്‍കിയിട്ടുണ്ട്. രക്തദാനക്യാമ്പും സംഘടിപ്പിച്ചിരുന്നു. 38 അംഗങ്ങള്‍ രക്തം നല്കി. സ്കൗട്ട്സ് – ഗൈഡ്സ് ജില്ലാ കമ്മീഷണര്‍ ഫാദര്‍ വില്‍സണ്‍ പുതുശ്ശേരി, ജില്ലാ ട്രെയ്നിംഗ് കമ്മീഷണര്‍ എ. ഇ. സതീഷ് ബാബു, ഹയര്‍സെക്കന്‍ഡറി കോഡിനേറ്റര്‍ സുഭാഷ് അഗസ്റ്റിന്, ജില്ലാ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ പങ്കെടുത്തു.

