അമരാവതി : ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ വേണമെന്നുള്ള മുഖ്യമന്ത്രി ജഗന്മോഹന്റെ നീക്കം ഗവര്‍ണര്‍ ബി.ബി ഹരിചന്ദന് അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട എപി ഡിസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് ഓഫ് ഓള് റീജിയന്‍സ് ബില്‍ -2020,എപി ക്യാപിറ്റല്‍ റീജിയന് ഡെവലൊപ്മെന്റ് അതോറിറ്റി ബില്‍ -2020 എന്നീ ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
ആന്ധ്രാ പ്രദേശിന്റെ എക്സിക്യൂട്ടീവ് ക്യാപിറ്റലായി വിശാഖപട്ടണവും ലെജിസ്ലേറ്റിവ് ക്യാപിറ്റലായി അമരാവതിയും ജുഡീഷ്യല്‍ ക്യാപിറ്റലായി കര്‍ണൂലും പ്രഖ്യാപിക്കണമെന്ന ഉദ്ദേശത്തോടെ ജഗന്മോഹന് അവതരിപ്പിച്ച ബില്ലുകളായിരുന്നു ഇവ. രണ്ടു തവണ ആന്ധ്രാപ്രദേശിന്റെ അധോ സഭയില്‍ ഈ ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഉപരിസഭ അംഗീകരിച്ചിരുന്നില്ല.ഇതേ തുടര്‍ന്നാണ് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 197(1)(2) പ്രകാരം ബില്ല് സമര്‍പ്പിക്കുന്നത്. നിയമവിദഗ്ധരായി ചര്‍ച്ച നടത്തിയതിനു ശേഷം ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്കാന് തീരുമാനിക്കുകയായിരുന്നു.