കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരം പാല് പരിശോധന ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചതായി ക്ഷീരവി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ അളവ് ഗണ്യമായി കുറയുകയും അതിര്‍ത്തി സംസ്ഥാനവും ലാബ് നില്ക്കുന്ന പ്രദേശവും ഹോട്ട്സ്പോട്ടായി മാറുകയും ചെയ്തതിനാലാണ് താല്‍ക്കാലികമായി ചെക്പോസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും മൊബൈല്‍ ലബോറട്ടറിയുടെ സഹായത്തോടെ എല്ലാദിവസവും വിപണിയില്‍ ലഭ്യമാകുന്ന വിവിധയിനം പാലുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തിയിരുന്നു.
ഇതിനോടകം വിപണിയില്‍ നിന്നും 279 പാല് സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനയില്‍ സാമ്പിളുകളെല്ലാം നിശ്ചിത ഗുണ നിലവാരം പുലര്‍ത്തുന്നതാണെന്ന് ബോധ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പി. പി. ഇ. കിറ്റ്, ഫേസ് ഷീല്‍ഡ്, ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര്, കൈയുറ , സാമൂഹിക അകലം പാലിക്കുന്നതിനായി മൂന്നു മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് എന്നിവ സജ്ജമാക്കി. കൂടാതെ ഓഫീസും പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി. പാല് വാഹനങ്ങളിലുള്ള ഇന്‍വോയ്സ് അടക്കമുള്ള രേഖകള്‍ ഇ-മെയില്‍ മുഖേന ലഭ്യമാക്കി പരമാവധി സമ്പര്‍ക്കം ഒഴിവാക്കും. അടിയന്തിര പ്രാധാന്യം കണക്കാക്കി പുതിയൊരു ക്ഷീരവികസന ഓഫീസറെ കൂടി ചെക്ക്പോസ്റ്റ് ലാബിലേക്ക് നിയമിച്ചു . ഒരു ഷിഫ്റ്റില്‍ നാലുപേര്‍ ജോലിയിലുണ്ടാവുന്ന രീതിയില്‍ പ്രതിദിനം 24 മണിക്കൂര്‍ എന്ന രീതിയിലാണ് ലാബിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
