കാർഷികപരമായ അറിവുകളും സാങ്കേതികവിദ്യയും കർഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. അകത്തേത്തറ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ എന്നിവർക്ക് പ്രാദേശികമായി സംവദിക്കുന്നതിനുള്ള ഇടം ഒരുക്കുന്നതിനാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. താഴെത്തട്ടിൽ നടപ്പിലാക്കിയ കൃഷി പാഠശാലകൾ ഏറെ ഫലപ്രദമായിരുന്നു.
നൂതന കൃഷിരീതികൾ ആവിഷ്കരിക്കുക വഴി മറ്റു തൊഴിൽ മേഖലകൾക്ക് തുല്യമായി കൃഷിയിലേക്കും യുവ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നതോടെ കേരളത്തിൽ കാർഷിക മുന്നേറ്റം സാധ്യമാക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനിടയിലും ആബാലവൃദ്ധം ജനങ്ങൾക്ക് കൃഷി ചെയ്യുന്നതിനുള്ള പ്രോത്സാഹനം നൽകുന്നത് വഴി കാർഷിക ഉത്പാദനത്തിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ടാണ് സുഭിക്ഷ കേരളം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി വിജയത്തിലേക്ക് എത്തുന്നതോടെ കേരളം ഉൽപ്പാദക സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.
നെൽവയൽ – തണ്ണീർത്തടം നിയമം, ജൈവ കാർഷിക നയം എന്നിവ ആവിഷ്കരിച്ചത് മുൻ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്. ഇത്തരത്തിൽ കാർഷിക മേഖലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്ഘാടന പരിപാടിയില്‍
കേരള ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദൻ ഓൺലൈനിൽ അധ്യക്ഷനായി.
എം.എല്‍.എ.യുടെ
ആസ്തി വികസന നിധിയില്‍ നിന്നും 50 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കൃഷിഭവൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്, ജില്ലാപഞ്ചായത്ത് അംഗം കെ. രാജൻ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നിലവിലുള്ള കെട്ടിടം കാലപ്പഴക്കത്താല്‍ നശിച്ചതോടെയാണ് 2018 ല്‍ പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്. രണ്ടു നിലകളിലായി ഓഫീസും വിതരണ കേന്ദ്രവും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
