ബൈക്കിൽ ചന്ദനത്തടിയുമായി പോവുകയായിരുന്ന മൂന്ന് യുവാക്കൾ വനപാലകരുടെ പിടിയിലായി.തിങ്കളാഴ്ച പുലർച്ചയോടെ ഗൂളിക്കടവ് കാരറ റോഡിൽ നിന്നാണ് പിടികൂടിയത്.ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നൈറ്റ് പട്രോളിംഗ് നടത്തവെ മുന്നിൽ അകപ്പെടുകയായിരുന്നു. പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി ഒരു ബൈക്കിൽ മൂന്ന് പേർ ചേർന്ന് ഗൂളിക്കടവ് മലവാരത്ത് നിന്ന് മുറിച്ച് കടത്തവെയാണ് പിടിയിലായത്. മൂന്ന് തടിക്കഷ്ണങ്ങളും, വേരുമാണ് കൈവശമുണ്ടായിരുന്നത്.
ചെമ്മണ്ണൂർ സ്വദേശി അയ്യപ്പൻ (39), അഗളി സ്വദേശികളായ അമീർ ഹുസൈൻ(23), ഫൈസൽ(34)എന്നിവരാണ് പിടിയിലായത്. പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റിലാക്കി. സ്പെഷ്യൽ ഫോറസ്റ്റ് ഓഫിസർ സുനിൽ എ.ഫിലിപ്പ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഖിൽ, നോയൽ ജോസഫ്, വാച്ചർ നൂറുദ്ദീൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
