സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകാനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ശിവശങ്കര്‍ രാവിലെ 9.35ഓടെയാണ് കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്.

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടാമതും എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണത്തെ പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ അനവധിയാണ്. ഇതാദ്യമായാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന് നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്.