കൊട്ടാരക്കര : പരിശോധനാ ഫലം അറിയിക്കുന്നതിൽ വീഴ്ച. കോവിഡ് പോസിറ്റീവ് രോഗിയുടെ ചികിത്സ വൈകിയത് ആറു ദിവസം. കുവൈറ്റിൽനിന്നെത്തിയ വെണ്ടാർ സ്വദേശി (32) ക്കാണ് ചികിൽസ ലഭിക്കാൻ വൈകിയത്. 16 ന് രാത്രിയിൽ നെടുമ്പാശ്ശേരിയിലെത്തുകയും 17 ന് പുലർച്ചെ ടാക്സിയിൽ വീട്ടിലെത്തുകയുമായിരുന്നു. തുടർന്ന് ഗൃഹ നിരീക്ഷണത്തിലായി. 18 ന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് വാർഡ് പ്രതിനിധി ഇടപെട്ട് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. എന്നാൽ നിശ്ചിത സമയത്ത് പരിശോധനാ ഫലം ലഭിച്ചില്ല. ഇതു മൂലം കോവിഡ് നെഗറ്റീവ് എന്ന ധാരണയിലായിരുന്നു കുടുംബം. എന്നാൽ പോലീസിനു ലഭിച്ച രേഖകളിൽ യുവാവിന് പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. വളരെ വൈകിയാണ് പോലീസിന് പരിശോധനാ ഫലം ലഭിച്ചത്. പുത്തൂരിലെ സ്പെഷ്യൽ ബ്രഞ്ച് വിഭാഗം ശനിയാഴ്ച രാത്രിയിൽ വാർഡു പ്രതിനിധിയുമായി ബന്ധപ്പെട്ടാണ് രോഗിയെ കണ്ടെത്തിയത്. അർദ്ധരാത്രിയോടെ ഇയാളെ ആയൂരിലെ എഫ്.എൽ.റ്റി.സി.യിലേക്കു മാറ്റി. നൽകിയ ഫോൺ നമ്പരിലെ പിഴവാണ് ഫലം അറിയിക്കാൻ വൈകിയതെന്നാണ് വിശദീകരണം. എന്നാൽ അഡ്രസും സ്ഥലപ്പേരുമുണ്ടായിട്ടും കുളക്കട പി.എച്ച്.സിയേയോ, പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല. ഇതു മൂലം രോഗിക്ക് ചികിത്സ ലഭിക്കുന്നതിൽ വൻ വീഴ്ച സംഭവിച്ചു. വകുപ്പു മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
