പാലക്കാട് : ജില്ലയിലെ 7.53 ലക്ഷം റേഷൻ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. ആഗസ്ത് അവസാനം വിതരണം തുടങ്ങും. പഞ്ചസാര, ചെറുപയർ/വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, വെളിച്ചെണ്ണ/സൂര്യകാന്തി എണ്ണ, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനമാണ് കിറ്റിലുണ്ടാകുക. നേരത്തേ ലോക്ക്ഡൗൺ കാലത്തെ ദുരിതമകറ്റാൻ സർക്കാർ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യധാന്യക്കിറ്റും അരിയും നൽകി. 17 ഇനം അടങ്ങിയതായിരുന്നു കിറ്റ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗമായ ജില്ലയിലെ രണ്ടര ലക്ഷത്തിലേറെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം തുടരുന്നു.
ആറ് താലൂക്കിലെ 941 റേഷൻ കടകളിൽ 7,53,042 കാർഡാണ് ജില്ലയിലുള്ളത്. ആലത്തൂരിൽ 1,20,138, ചിറ്റൂരിൽ 1,20,485, മണ്ണാർക്കാട് 1,05,613, ഒറ്റപ്പാലം 1,23,776, പാലക്കാട് 1,68,100, പട്ടാമ്പി 1,14,930 എന്നിങ്ങനെയാണ് കാർഡുകളുടെ എണ്ണം. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട 48,289 കാർഡുകളുണ്ട്. മുൻഗണനാ വിഭാഗത്തിൽ 3,09,891 കാർഡുകളും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ 2,06,884 കാർഡും മുൻഗണനേതര സബ്സിഡി ഇതര വിഭാഗത്തിൽ 1,87,978 കാർഡുമാണുള്ളത്.
പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ സപ്ലൈ ഓഫീസുകളുടെ പരിഗണനയിലാണ്. അടുത്ത മാസം കൂടുതൽ കാർഡ് അനുവദിക്കും.
