പാലക്കാട് : ജില്ലയിൽ കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് ജില്ലാ അഗ്നിശമനസേനയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് നൽകി. ശാരീരിക അകലം പാലിക്കേണ്ട സ്ഥലങ്ങൾ, ശാരീരിക അകലം പാലിക്കേണ്ട വിധം, സാനിറ്റൈസർ ഉപയോഗിക്കേണ്ട രീതി, സുരക്ഷിതമായി മാസ്ക് ഉപയോഗിക്കുന്ന രീതി, സോഡിയം ഹൈപോ ക്ലോറേറ്റ് ഉപയോഗിച്ച് സ്വയം അണുവിമുക്തമാക്കേണ്ട രീതികൾ എന്നിവ സംബന്ധിച്ചാണ് പരിശീലനം നൽകിയത്.

ജില്ലയിൽ കൂടുതൽ ആളുകൾ വരുന്ന സ്ഥലം എന്ന നിലയിലാണ് ജില്ലാ പഞ്ചായത്ത് ജീവനക്കാർക്കായി പരിശീലനം സംഘടിപ്പിച്ചത്.
സ്ഥാപനങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ സ്ഥാപനമേധാവികൾ കൈക്കൊള്ളേണ്ട നിയന്ത്രണങ്ങൾ, ഓഫീസുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പൊതുജനങ്ങൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ചും ജീവനക്കാർക്ക് പരിശീലനം നൽകി. വരും ദിവസങ്ങളിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് പരിശീലനം നൽകും.

പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. അഗ്നിശമനസേന ജില്ലാ മേധാവി അരുൺ ഭാസ്കർ നേതൃത്വം നൽകി.