കൊല്ലം : കോവിഡ് നിയമങ്ങൾ പാലിക്കാത്തവരെ ബോധവൽക്കരിക്കുവാനുള്ള ട്രാക്കിന്റെ (ട്രോമാ കെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ‘ബോധനം’ പരിപാടിയുടെ ഭാഗമായുള്ള കോവിഡ് ബോധവൽക്കരണ വണ്ടി ഓലയിൽ കടവിൽ വെച്ച് എൻഫോഴ്സ്മെന്റ് ആർ ടി ഓ ഡി മഹേഷും കൊല്ലം ആർ ടി ഓ ആർ രാജീവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു .ഭയമല്ല കരുതലാണ് വേണ്ടത്. കരുതലിലുള്ള വീഴ്ചയാണ് കോവിഡ് 19ന്റെ സമ്പർക്ക വ്യാപനത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നെന്ന് ആർ ടി ഓ മാർ പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ട്രഷറർ ബിനു, ജോയിന്റ് സെക്രട്ടറിമാരായ സാബു ഓലയിൽ, ഷഫീക് കമറുദീൻ, എം വി ഐ ബിനു ജോർജ്, എ എം വി ഐ വിഷ്ണു എന്നിവർ സംസാരിച്ചു. ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, അനിൽകുമാർ, രഞ്ജിത്, ഷാനവാസ്,ആംബുലൻസ് കോർഡിനേറ്റർ അമീൻ, ആംബുലൻസ് ടീം മെമ്പർ ആഷിക് എന്നിവരാണ് ‘ബോധനം’ കോവിഡ് ബോധവൽക്കരണ വണ്ടിക്ക് നേതൃത്വം നൽകുന്നത്. പ്രധാനമായും തീരദേശത്തുള്ളവരെയും കണ്ടയിന്മെന്റ് സോണിലുള്ളവരെയും ആളുകൾ അടുപ്പിച്ചു തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലുള്ളവരെയും കോവിഡ് വരാതിരിക്കുവാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ബോധവൽക്കരിക്കും. റേഡിയോ ബെൻസിഗർ തയ്യാറാക്കിയ ബോധവൽക്കരണ ഓഡിയോ ഇതിന്റെ ഭാഗമായി ട്രാക്ക് ആംബുലൻസിൽ അനൗൺസ് ചെയ്യുന്നുണ്ട്. കൃഷ്ണപ്രിയയാണ് സ്വരം നൽകിയിരിക്കുന്നത് . തുടർന്നു വരുന്ന ദിനങ്ങളിൽ വിവിധസംഘടനകളുമായി സഹകരിച്ചു മറ്റ് ബോധവത്കരണപ്രവർത്തനങ്ങളും ഫേസ് മാസ്ക്, സാനിട്ടയിസർ, ഗ്ലൗസ് വിതരണങ്ങളും നടത്തും.
