കൊച്ചി : 18 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകൾ.
ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കൊച്ചിയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 72 കേസുകളിൽ 62 പേർക്കും രോഗം പിടിപെട്ടത് ഇത്തരത്തിലാണ്. രോഗികളിൽ 24 പേർ ആരോഗ്യപ്രവർത്തകരാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
