ഫോക് ലോർ അക്കാദമി പുരസ്ക്കാരം കെ.പി. വേലായുധന്
2017 ലെ കേരള ഫോക് ലോർ അക്കാദമി പുരസ്ക്കാരം എഴുമങ്ങാട് കളരിക്കപ്പറമ്പിൽ കെ.പി. വേലായുധന് ലഭിച്ചു. പറയ സമുദായത്തിലെ കേത്രാട്ടം ഒരു ജനകീയകലാരൂപമാക്കി മാറ്റി എടുത്തതിനാണ് പുരസ്ക്കാരം.
ഒരു കാലത്ത് ഉത്സവങ്ങളിലും മറ്റും അധികമാരും ശ്രദ്ധിക്കപ്പെടാതെയും, അവജ്ഞയോടെയും കണ്ടിരുന്ന പറയ വേലയിലെ കേ(ത് കളിയെയാണ് വേലായുധന്റെ നേതൃത്വത്തിൽ പുതിയ തരത്തിലേക്ക് ചിട്ടപ്പെടുത്തിയത്.
താളം, പാട്ട്, ചുവട് , ആട്ടം എന്നിവയൊക്കെ കൂട്ടിയിണക്കി ഏത് അരങ്ങിലും അവതരിപ്പിക്കാമെന്ന രൂപത്തിലേക്ക് കേത്രാട്ടത്തെ ചിട്ടപ്പെടുത്തി എന്നത് തന്നെയാണ് കെ.പി. വേലായുധന്റെ നേതൃത്വത്തിൽ നടന്നത്.
15 വർഷത്തിലേറെയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, സർക്കാരിന്റെ വിവിധ പരിപാടികളിലും സ്ഥിരസാന്നിദ്ധ്യമാണ് കെ.പി. വേലായുധൻ.
പാലക്കാട് ജില്ലയിലേക്ക് ഫോക് ലോർ അക്കാദമിയുടെ നിരവധി പുരസ്ക്കാരങ്ങൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും പറയ കലയെ അടയാളപ്പെടുത്തി പുരസ്ക്കാരം ലഭിക്കുന്നതിൽ മൂന്നാമത്തെ ആളാണ് കെ.പി. വേലായുധൻ. മുമ്പ് വി. ബാലൻ കുറ്റനാട്, ചാത്തുകുട്ടി ചാലിശ്ശേരി എന്നിവർ കേരള ഫോക് ലോർ അക്കാദമി പുരസ്ക്കാരത്തിന് അർഹരായിരുന്നു.
മാറിയ കാലത്ത് നാടൻ കലകൾ സംരക്ഷിക്കുക എന്നത് ഭാരിച്ച ചിലവ് വരുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക ലാഭത്തിനപ്പുറം കലയെ ആത്മാർപ്പണമായി കാണുന്നു കെ.പി. വേലായുധൻ.
എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയുടെ മുൻ സെക്രട്ടറിയായിരുന്നു. സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത വേലായുധൻ ഇപ്പോൾ ഈറ്റ, മുള എന്നിവ കൊണ്ടുള്ള കരകൗശല രംഗത്തും, നാടൻ കലാരംഗത്തും സജീവമാണ്
