തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. കൊച്ചി വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ഗ്ലെയര്‍ (73), ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ഷാജു( 45) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടു കോവിഡ് മരണങ്ങളുടെയും ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് കന്യാസ്ത്രീ മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും എല്ലാം ബാധിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ ആയിരുന്നു സിസ്റ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി ഗുരുതര രോഗങ്ങളില്‍ ചികിത്സയിലായിരുന്ന ഇവര്‍ പുറത്തെങ്ങും പോകാറില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് രോഗം എവിടെ നിന്ന് ബാധിച്ചതാണെന്ന് വ്യക്തമായിട്ടില്ല. മരണശേഷം പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടിലാണ് സിസ്റ്റര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റിലെ പതിനാറോളം അന്തേവാസികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. സ്വകാര്യ ആശുപത്രിയില്‍ സിസ്റ്ററെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്സുമാരും അടക്കം ക്വാറന്റീനിലാണ്.