തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷ് എന്‍.ഐ.എ കസ്റ്റഡിയില്‍. ബെംഗളുരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരും ഇവര്‍ക്കൊപ്പമുണ്ട്. ഇവരെ നാളെയോടെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ട് വരുമെന്നാണ് വിവരം.
യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ യാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പി.ആര്.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയത്. ഇതിനിടെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറി.