കോവിഡ് 19 – സമൂഹ വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സമ്പർക്ക രോഗബാധ , ഉറവിടം കണ്ടെത്താത്ത രോഗബാധ പ്രതിരോധിക്കാൻ പൊതുജനങ്ങൾ ഗൗരവത്തോടെ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടിയും പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
രോഗികളുടെ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയാണ്. നിലവിൽ സാഹചര്യം നിയന്ത്രണത്തിലാണെങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രോഗികളുടെ എണ്ണം കൂടാനുളള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ മുതൽ മുഴുവൻ ജനങ്ങളും ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. കൂടാതെ, മുൻ വർഷങ്ങളിലെപ്പോലെ കാലവർഷം ശക്തമായാലുള്ള സാഹചര്യം വിലയിരുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം ഓൺലൈനായി ചേർന്നതായും വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ നിർദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു.
- ജില്ലയിലെത്തിയ അതിഥി തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തും
ജില്ലയിൽ കഴിഞ്ഞദിവസം വെസ്റ്റ് ബംഗാൾ സ്വദേശികളായ 14 അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെത്തിയ അതിഥി തൊഴിലാളികൾക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്ണമ്പ്രയിൽ ക്വാറന്റൈനിൽ കഴിയുന്ന 43 പേർക്കും എലപ്പുള്ളിയിൽ 23 പേർക്കും പരിശോധന ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പവർഗ്രിഡുമായി ബന്ധപ്പെട്ട ജോലികൾക്കായാണ് അതിഥി തൊഴിലാളികൾ ജില്ലയിലെത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാൻ തൊഴിൽ വകുപ്പ്, ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന കർശനമാക്കും. ഇവർക്കായുള്ള ക്വാറന്റൈൻ അതത് തൊഴിലുടമകളാണ് ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
- കഞ്ചിക്കോട് കിൻഫ്രയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാൻ ഒരു കോടിയുടെ ഭരണാനുമതി
കഞ്ചിക്കോട് കിൻഫ്രയിൽ കണ്ടെത്തിയ കെട്ടിടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കാൻ ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചതായും പ്രവൃത്തികൾ തുടങ്ങിയതായും മന്ത്രി എ.കെ ബാലൻ അറിയിച്ചു. ജില്ലയിൽ നിലവിൽ കോവിഡ് ആശുപത്രിയായി ജില്ലാ ആശുപത്രിയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പാലക്കാട് ഗവ. മെഡിക്കൽ കോളെജും മാങ്ങോട് കേരള മെഡിക്കൽ കോളെജും സജ്ജമാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളെജിൽ ശരാശരി 600 പി.സി.ആർ ടെസ്റ്റുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 1000 സ്രവസാമ്പിളുകൾ വരെ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമെ, പി.സി.ആർ പരിശോധന വേഗതയിൽ നടത്താൻ ആർ.എൻ.എ എക്സ്ട്രാക്ട് ശേഖരിച്ച് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിച്ചതായും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ആലപ്പുഴ വൈറോളജി ലാബിലേക്കും തൃശൂർ മെഡിക്കൽ കോളേജിലേക്കും സാമ്പിളുകൾ അയക്കുന്നുണ്ട്. രണ്ടുമൂന്നു ദിവസത്തിൽ പരിശോധനാ ഫലം ലഭ്യമാകുന്നുണ്ട്.
- 283259 കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ-പലവ്യജ്ഞന കിറ്റ്
ജില്ലയിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി 283259 ഭക്ഷ്യ-പലവ്യജ്ഞന കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. പ്രീ-പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങൾക്കായി എന്നിങ്ങനെ തിരിച്ചാണ് വിതരണം നടത്തുക. പ്രീ-പ്രൈമറി വിഭാഗത്തിൽ 1.2 കിലോ അരിയും 297.50 രൂപയ്ക്കുള്ള പലവ്യജ്ഞനങ്ങൾ, പ്രൈമറി വിഭാഗത്തിൽ (ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ) നാല് കിലോ അരിയും 299.50 രൂപയ്ക്കുള്ള പലവ്യജ്ഞനങ്ങൾ, അപ്പർ പ്രൈമറിക്കാർക്ക് (ആറ് മുതൽ എട്ടാം ക്ലാസ് വരെ) ആറ് കിലോ അരിയും 400 രൂപ വിലവരുന്ന പലവ്യജ്ഞന കിറ്റുകളാണ് സൗജന്യമായി നൽകുന്നത്. ചെറുപയർ, കടല, തുവരപരിപ്പ്, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നീ ഒമ്പതിനങ്ങളാണ് കിറ്റിൽ ഉൾപ്പെടുന്നത്.
- ചെക്ക്പോസ്റ്റുകൾ സജീവം; പൊലീസ് പരിശോധന കർശനം
ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ വാളയാർ ചെക്ക്പോസ്റ്റ് വഴി മാത്രമേ കടത്തിവിടുകയുള്ളൂ. ഇങ്ങനെ വരുന്നവല്ലൊവരും കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഹോട്ട്സ്പോട്ട്കളിൽ നിന്നെത്തുന്നവരെയും പാസ് ഇല്ലാതെയും വ്യാജ രേഖകളുണ്ടാക്കി എത്തുന്നവരെയും കൃത്യമായി പരിശോധിക്കാൻ പൊലീസ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തിതുടങ്ങിയ മെയ് 4 മുതൽ ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ പരിശോധനയിൽ റെഡ് സോണുകളിൽ നിന്നെത്തിയ രോഗലക്ഷണം ഇല്ലാത്തവരിൽ നടത്തിയ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞത് രോഗവ്യാപന തോത് കുറയ്ക്കാൻ സഹായകമായി. ജില്ലയിൽ പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് 42 കിലോ കഞ്ചാവ്, കഞ്ചിക്കോട് 1.75 കോടിയുടെ കള്ളപ്പണം എന്നിവ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കലക്ടർ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ആർ.പി സുരേഷ് എന്നിവർ പങ്കെടുത്തു.