പാലക്കാട് : പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യഭദ്രതാ കിറ്റ് വിതരണോദ്ഘാടനം ഗവ. മോയന്‍ എല്‍.പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വ്വഹിച്ചു. പ്രീ-പ്രൈമറി വിഭാഗത്തില്‍ 1.2 കിലോ അരിയും 297.50 രൂപയ്ക്കുള്ള പലവ്യജ്ഞനങ്ങള്, പ്രൈമറി വിഭാഗത്തില്‍ (ഒന്ന് മുതല്‍ അഞ്ച് വരെ) നാല് കിലോ അരിയും 299.50 രൂപയ്ക്കുള്ള പലവ്യജ്ഞനങ്ങള്, അപ്പര്‍ പ്രൈമറിക്കാര്‍ക്ക് (ആറ് മുതല്‍ എട്ട് വരെ) ആറ് കിലോ അരിയും 400 രൂപ വിലവരുന്ന പലവ്യജ്ഞന കിറ്റുകളാണ് സൗജന്യമായി നല്‍കുന്നത്. ചെറുപയര്‍, കടല, തുവരപരിപ്പ്, മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നീ ഒമ്പതിനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്പ്പെട്ടിട്ടുമുള്ള രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ കിറ്റ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ പ്രദര്‍ശനവും നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് അധ്യക്ഷനായ പരിപാടിയില്‍ സ്കൂള്‍ പ്രധാനാധ്യാപിക മണിയമ്മ, പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ഇന്ദിര, നൂണ് ഫീഡിങ് സൂപ്പര്‍വൈസര്‍ പി.എസ്.ഗീത എന്നിവര്‍ പങ്കെടുത്തു.
