പത്തനംതിട്ട : നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ രാഷ്ട്രീയ പ്രവർത്തകരും വ്യാപാരികളും. നേതാക്കളടക്കമുള്ള പ്രമുഖർ സമ്പർക്കപ്പട്ടികയിൽ. പത്തനംതിട്ട നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി.ഏഴുദിവസത്തേക്കാണ് നിയന്ത്രണം. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ മുതൽ പത്തനംതിട്ടയിലേക്കുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. പൊതുഗതാഗതം പൂർണമായി നിലച്ചു.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി തടസപ്പെട്ടു. കെഎസ്ആർടിസി ഡിപ്പോയുടേതടക്കം പ്രവർത്തനം നിർത്തിവച്ചു. റവന്യു, ആരോഗ്യം വകുപ്പുകളിൽ അവശ്യസേവനത്തിനുള്ള ഓഫീസുകൾ മാത്രമാണ് തുറന്നത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകൾ അടച്ചു.
കളക്ടറേറ്റിൽ റവന്യു, ആരോഗ്യം ഓഫീസുകൾ പ്രവർത്തിച്ചു. നഗരത്തിലെ ബാങ്ക് ശാഖകൾ പ്രവർത്തിച്ചിരുന്നു. കെഎസ്ഇബി, ജലഅതോറിറ്റി ഓഫീസുകൾ പ്രവർത്തിച്ചു. നഗരസഭയുടെ പ്രവേശനകവാടങ്ങളിൽ പോലീസ് ബാരിക്കേഡുകൾ തീർത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രധാന പാതകളിൽ മൈലപ്ര, വാര്യാപുരം, കുമ്പഴ, വെട്ടൂർ, സന്തോഷ് മുക്ക്, മുണ്ടുകോട്ടയ്ക്കൽ, അഴൂർ എന്നിവിടങ്ങളിലാണ് പോലീസ് പിക്കറ്റുകൾ.
അവശ്യ സർവീസുകളൊഴികെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. നഗരാതിർത്തിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ മാത്രമാണ് തുറക്കുന്നത്.