കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്ന് സ്വപ്ന സുരേഷ്. യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് താനെന്ന് എല്ലാവരും പറയുന്നു. താന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വര്‍ണത്തില്‍ ഒരു പങ്കുമില്ലെന്ന് സ്വപനയുടെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു. മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും തെറ്റ് ചെയ്തിട്ടല്ലെന്നും സ്വപ്ന വ്യക്തമാക്കുന്നു.
“ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്, കാര്‍ഗോ ഇതുവരെ ക്ലിയര്‍ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞ. അതൊന്ന് അന്വേഷിച്ചിട്ട് പറയാന്‍ പറഞ്ഞു. അവിടുത്തെ എസി രാമമൂര്‍ത്തി സാറിനോട് ചോദിച്ചു. യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്, ആ കാര്‍ഗോ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞു. ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റുമായി എനിക്ക് ബന്ധമില്ല. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.”
യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്ക്കുക എന്നതാണ് എന്റെ ജോലിയെന്നും മുഖ്യമന്ത്രിയുടെ പിന്നിലല്ല താന്‍ നിന്നതെന്നും സ്വപ്ന പറയുന്നു. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്.അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്.താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്ന. “ഇതില്‍ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറി നില്‍ക്കുന്നത്.”തന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാര്‍ഗോ അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴൊക്കെ തന്റെ തൊഴിലില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്റെ ഭാഗമായിട്ടാണ്. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയില്‍ അടിച്ചമര്‍ത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നോക്കാതെ അതിന് യഥാര്‍ത്ഥ നടപടി എടുക്കണം. “എന്റെ കാര്യവും അന്വേഷിക്കൂ..ഞാന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ” ഓഡിയോ സന്ദേശത്തില്‍ പറയുന്നു.