പാലക്കാട് : പാദരോഗവും മുറിവുകളും അലട്ടുന്ന ഗജവീരൻ കോങ്ങാട് കുട്ടിശങ്കരന് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ആനപ്രേമിസംഘം രംഗത്ത്. കോങ്ങാട് തിരുമന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള കോങ്ങാട് കുട്ടിശങ്കരന് അറുപത് വയസിനോട് അടുപ്പിച്ച് പ്രായംവരും. മുൻകാലുകളിലും പിൻവശത്തും മുറിവുകളും പാദരോഗവുമുള്ള ആന കഷ്ടപ്പെടുകയാണ്. എന്നാൽ ആനയിൽ നിന്നും വരുമാനം നിലച്ചതിനാൽ വേണ്ടവിധം പരിചരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും ഇടപെടണമെന്നും കാണിച്ച് ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് പരാതി നൽകി.
അഞ്ചുവർഷങ്ങൾക്കു മുമ്പും സമാനമായ രീതിയിൽ കുട്ടിശങ്കരൻ അവശനായിരുന്നു. അന്നു പലരും ഇടപെട്ടതിനാൽ ആനയുടെ ക്ഷേമത്തിനായി അഞ്ചംഗ സമിതി രൂപീകരിച്ചു. ആനയുടെ ദൈന്യംദിന കാര്യങ്ങൾ സമിതി മുഖേന നടത്തിയതോടെ ആരോഗ്യനില മെച്ചപ്പെട്ടു. വീണ്ടും ഉത്സവപറമ്പുകളിൽ കുട്ടിശങ്കരൻ നിറസാന്നിധ്യമാവുകയും വരുമാനം തുടങ്ങുകയും ചെയ്തതോടെ സമിതി പിരിച്ചുവിട്ടതായാണ് പരാതിയിൽ ഉന്നയിക്കുന്ന ആക്ഷേപം.
കൊവിഡ് മൂലം ഉത്സവങ്ങളെല്ലാം നിലച്ചതോടെ കുട്ടിശങ്കരനിൽ നിന്നുള്ള വരുമാനം വീണ്ടും നിലച്ചു. അതോടെ ആനയുടെ പരിപാലനത്തിലും കുറവ് വന്നതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ ആദ്യവാരം മദപ്പാടിൽ കെട്ടി ഉറപ്പിച്ച കുട്ടിശങ്കരന് വേണ്ട മരുന്നോ ചികിത്സയോ നൽകാതെ, ദേഹത്തുള്ള പല മുറിവുകൾ കാരണം, ഒലിവ് (നീര്) മുഴുവൻ ആകാതെ മെയ് മാസത്തിൽ തന്നെ അഴിക്കേണ്ടി വന്നു.
ആനയ്ക്ക് ആവശ്യമായ മരുന്നുകൾ, ഭക്ഷണക്രമം എന്നിവയിലൊക്കെ താളപിഴ സംഭവിച്ചു. പാപ്പാന്മാരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് തൃശൂരിൽ നിന്നും ഡോക്ടർ വന്നു. വിശദമായി ആനയെ പരിപാലിക്കേണ്ട രീതി അവതരിപ്പിച്ച അദ്ദേഹം വേണ്ട ചികിത്സയും മരുന്നും നിർദ്ദേശിച്ചു. അതൊന്നും യഥാവിധി പാലിക്കപ്പെട്ടില്ലെന്നും കിടന്നാൽ എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടുള്ള ആനയെ, വേണ്ട വ്യായാമം പോലും ചെയ്യിക്കാതെ കൊല്ലാക്കൊല ചെയ്യുന്നതായുമാണ് പരാതിയിൽ പറയുന്നത്. ആനയുടെ നില ദിനംപ്രതി ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. വനം വകുപ്പ് അധികൃതരുടെ മുന്നിൽ രേഖകൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ചെപ്പടിവിദ്യകൾ മാത്രമാണ് ആനയുടെ കാര്യത്തിൽ ഇപ്പോഴും നടക്കുന്നതെന്നും അതിനാൽ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നുമാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ആനയുടെ ചികിത്സ വൈകിപ്പിച്ച് ഗുരുതരാവസ്ഥയിൽ എത്തിച്ച ഉടമസ്ഥനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്