പാലക്കാട് : നഷ്ടങ്ങളുടെ കഥകൾ മാത്രം പറയുന്ന ഗതാഗത മേഖല തിരിച്ചടി ആയപ്പോൾ ബദൽ സംവിധാനങ്ങളുമായി പാലക്കാട്ട് ഒരുപറ്റം ബസ് തൊഴിലാളികൾ. കൊറോണ രോഗ വ്യാപനം സമൂഹത്തെ സാരമായി ബാധിച്ചപ്പോൾ ജീവിതമാർഗം കണ്ടെത്താൻ സ്വകാര്യ ബസിൽ പച്ചക്കറി കച്ചവടം നടത്തുകയാണ് പാലക്കാട്ടെ ഏതാനും ബസ് ജീവനക്കാർ. റൂട്ട് പെർമിറ്റ് പുതുക്കാത്ത ഒരു ബസ് ഇവർക്കുവിട്ടു നൽകി ഉടമയും മാതൃകയായതോടെ ബസിലെ പച്ചക്കറി കച്ചവടം ഹിറ്റാവുകയാണ്. കൽമണ്ഡപം ബൈപാസ് റോഡരികിലായി നിർത്തിയിട്ട ഇതിഹാസ് ബസ് ഇപ്പോൾ നഗരത്തിലെ തിരക്കിലൂടെ മലമ്പുഴയിലേക്ക് ഓടാറില്ല.
വാതിൽക്കൽ നിന്ന് ആർത്തുവിളിക്കാൻ കിളികളില്ലാഞ്ഞിട്ടും ഇതിലേക്ക് ആളുകൾ വന്നുകയറും. ആവശ്യമുള്ള പച്ചക്കറികൾ തെരഞ്ഞെടുത്ത് പിൻവാതിലിനോട് ചേർന്നുള്ള ബില്ലിങ് കൗണ്ടറിൽ എത്തിച്ച് തൂക്കംനോക്കി പണം നൽകി അവർ ഇറങ്ങിപ്പോകും. അതിനിടയിൽ ബെല്ലടിയോ ടിക്കറ്റ് കീറലോ ഇല്ലെങ്കിലും പച്ചക്കറി തൂക്കാനും ബില്ലിങ്ങിനുമൊക്കെയുള്ളത് ബസ് ജീവനക്കാരാണ്.
ബസിലെ ഇരിപ്പിടങ്ങളൊക്കെ ഒഴിവാക്കി ഒരുവശത്ത് തട്ടടിച്ചാണ് പച്ചക്കറി നിരത്തിയിട്ടുള്ളത്. മറുവശത്തും പച്ചക്കറി നിറച്ച കൂടകളാണ്. മുകളിലെ കൈപിടികളിൽ പഴക്കുലകൾ സ്ഥാനം പിടിച്ചു. ഡ്രൈവർ സീറ്റിനോട് ചേർന്നുള്ള എൻജിനു മുകളിലും ചാക്കുവിരിച്ച് കപ്പ അടുക്കിയിട്ടുണ്ട്. ബസിനുള്ളിൽ അടുക്കി ഒരുക്കിയ പച്ചക്കറികൾ ഉപഭോക്താവിന് സ്വയം തെരഞ്ഞെടുക്കാം.
മുൻവാതിലിലൂടെ കയറി പച്ചക്കറിയെടുത്ത് പണം നൽകി പിൻവാതിലിലൂടെ ഇറങ്ങിപോകാം. ഇതിഹാസ് ഗ്രൂപ്പ് ഉടമ സജീവ് തോമസാണ് ജോലിയില്ലാതായ ജീവനക്കാർക്ക് വരുമാനമാർഗം കണ്ടെത്താൻ ബസ് വിട്ടുനൽകിയത്. മേൽനോട്ടത്തിന് ഇതിഹാസ് ടൂർസ് ആൻഡ് ട്രാവൽസിന്റെ അറ്റകുറ്റപണികളുടെ ചുമതലയുള്ള അനിൽകുമാറും അക്കൗണ്ട്സ് മാനേജർ ജിത്തുദാസും ഉണ്ട്. ഫാർമേഴ്സ് അഗ്രോ പ്രൊഡക്റ്റ്സാണ് ബസിൽ വിൽപ്പനക്കുള്ള പച്ചക്കറി എത്തിക്കുന്നത്. ഷാനു ഗസൽ ആണ് ഇതിന്റെ ചുമതല നിർവഹിക്കുന്നത്. ഹോം ഡെലിവറി സൗകര്യവുമുള്ളതിനാൽ ദിവസേന മാറി മാറി ഏഴ് ബസ് ജീവനക്കാർ ഇതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജിത്തുദാസ് പറഞ്ഞു. മിതമായ നിരക്കിൽ തനിനാടൻ കാർഷിക ഉത്പന്നങ്ങളാണ് ബസിലൂടെ വിൽപ്പനയ്ക്ക് എത്തിക്കുന്നതെന്ന് ഷാനു ഗസൽ പറഞ്ഞു. ചില ദിവസങ്ങളിൽ ചില ഇനം പച്ചക്കറികൾക്ക് ബസിൽ പ്രത്യേകവിലക്കുറവുമുണ്ട്. ആദ്യം മുതലമടയിൽ നിന്നും മാങ്ങയാണ് ബസിൽ വിൽപ്പനക്ക് എത്തിച്ചത്. അതിൽ മാത്രം ഒതുങ്ങിയാൽ കച്ചവടം കുറയുമെന്ന് കണ്ടാണ് പച്ചക്കറിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ബസിലെ പച്ചക്കറി തേടി ആവശ്യക്കാരെത്തുന്നുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു.
