പാലക്കാട് : ഭര്‍ത്താവുമായുള്ള സൗന്ദര്യപിണക്കത്തെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ യുവാവും അഗ്നിശമനസേനയും രക്ഷപ്പെടുത്തി. കൊടുവായൂര്‍ കരുവണ്ണൂര്ത്തറ വാണിയപറമ്പ് ഭാഗ്യോദയത്തില്‍ ഉദയശങ്കറിന്റെ ഭാര്യ ഹേമ(45)യാണ് ഇന്നലെ രാവിലെ പത്തരയോടെ യാക്കര പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കൊടുവായൂരില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വന്ന സ്ത്രീ യാക്കര പുഴ പാലത്തിന് സമീപമെത്തിയപ്പോള്‍ പുഴയില്‍ പൂജാരി കര്‍മങ്ങള്‍ നടത്തണമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയെ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് പുഴയില്‍ ചാടുകയായിരുന്നു. ഈസമയത്ത് വന്ന കാക്കയൂര്‍ സ്വദേശി വിനു(24) ബൈക്ക് നിര്‍ത്തി പുഴയില്‍ ചാടുകയും സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ അഗ്നിശമന എത്തുമ്പോഴേക്കും പുഴപാലത്തിന്റെ തൂണില്‍ അവശയായി നില്‍ക്കുകയായിരുന്നു. ഉടനെ ലൈഫ് ബോയി ഇട്ട് കൊടുക്കുകയും അഗ്നിശമന സേനാംഗം പ്രശാന്ത് ഇറങ്ങി വലയിലൂടെ പാലത്തിന് മുകളിലൂടെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജീപ്പില്‍ ജില്ലാശുപത്രിയിലെത്തിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ എ.നൗഷാദിന്റെ നേതൃത്വത്തില്‍ സതീഷ്, രാകേഷ്, അനില്‍കുമാര്‍, ഷിബു, സജീവ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.