മൂവാറ്റുപുഴ : കല്ലൂർക്കാട്ട് കോവിഡ് സ്ഥിരീകരിച്ചയാളെ അറസ്റ്റ് ചെയ്യാനെത്തിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ കോവിഡ് വ്യാപന ഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു. തൊടുപുഴയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച തൊടുപുഴ പൊലീസ് ഇയാളെ പിടികൂടാനെത്തിയത്.
കല്ലൂർക്കാട് സ്റ്റേഷനിലെത്തി പ്രതിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറി അറസ്റ്റിന് ഒരുങ്ങുന്നതിനിെടയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിെച്ചന്ന റിപ്പോർട്ട് കല്ലൂർക്കാട് സ്റ്റേഷനിലെത്തുന്നത്. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. റിപ്പോർട്ട് വൈകിയിരുന്നുവെങ്കിൽ നിരവധി പൊലീസുകാർ ക്വാറൻറീനിൽ പോകേണ്ടിവരുമായിരുന്നു.
കൊലപാതകശ്രമമടക്കം നിരവധി കേസിൽ പ്രതിയായ ഇയാളെ ഒരു മാസം മുമ്പാണ് ജാമ്യത്തിൽ വിട്ടയച്ചത്. ഇതിനുപിന്നാലെയാണ് തൊടുപുഴയിൽ കവർച്ച നടത്തിയത്. മൂവാറ്റുപുഴയിലെ ഹോട്ടൽ ജീവനക്കാരനായ തമിഴ്നാട് സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ ഇയാൾ കോവിഡ് കാലഘട്ടത്തിൽ വിചാരണ തടവുകാരെ ജയിലുകളിൽനിന്ന് വിട്ടയക്കാനുള്ള ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് പുറത്തുവന്നത്. പുറത്തിറങ്ങി ചുറ്റിക്കറങ്ങിയ ഇയാൾ ഒട്ടേറെപ്പേരുമായി സമ്പർക്കം പുലർത്തി. പൈങ്ങോട്ടൂരിലെ ഡ്രൈവർക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിൽപെട്ടാണ് ഇയാളും രോഗബാധിതനായത്.
തൊടുപുഴയിൽ നടന്ന മോഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായതോടെയാണ് തൊടുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ ഭാര്യക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.